26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

കൊളംബിയയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു

N
Nikhil •
WhatsApp Facebook X
കൊളംബിയയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ബൊഗോട്ട: കൊളംബിയയിലെ കാര്‍ട്ടജീന നഗരത്തില്‍ സായുധസംഘം സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഇരുപതോളം പേരെ 17 മണിക്കൂര്‍ ബന്ദിയാക്കി. ഇന്നലെ പുലര്‍ച്ചെ കൊളംബിയന്‍ സുരക്ഷാസേന ബന്ദികളെയെല്ലാം മോചിപ്പിച്ചു. സൈനികദൗത്യത്തിനിടെ അക്രമികളില്‍ ഒരാളെ വധിച്ചതായി കൊളംബിയന്‍ പ്രസിഡന്റ്‌ അബെലാര്‍ഡോ ഡി ലാ എസ്‌പ്രിയല്ല അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റില്‍ സുരക്ഷാസേന പ്രവേശിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നിരവധി സ്‌ഫോടനശബ്‌ദങ്ങള്‍ മുഴങ്ങി. ദൗത്യസംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ആയുധധാരികളായ ഉദ്യോഗസ്‌ഥര്‍ പുറത്ത്‌ നിലയുറപ്പിച്ചു. പോലീസ്‌ ഹെലികോപ്‌റ്റര്‍ താഴ്‌ന്നുപറന്ന്‌ നിരീക്ഷണം നടത്തി. പോലീസും സായുധസേനയും സംയുക്‌തമായാണ്‌ രക്ഷാദൗത്യം നടത്തിയത്‌.

സൈനികവേഷമണിഞ്ഞ്‌, തോക്കും വാക്കി-ടോക്കിയുമായി കൊളംബിയന്‍ പ്രസിഡന്റും സംഭവസ്‌ഥലത്തെത്തി. സൈനികനടപടി ആരംഭിക്കുന്നതിന്‌ മുമ്പ്‌, സ്‌ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ അക്രമികള്‍ വിട്ടയച്ചു. ജീവനക്കാരും ഉപഭോക്‌താക്കളും ഉള്‍പ്പെടെ ഇരുപതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. സൈനികവേഷം ധരിച്ച മുഖംമൂടി സംഘം തോക്കുകളുമായി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നില്‍ക്കുന്നതിന്റെയും ബന്ധനസ്‌ഥരായ ബന്ദികളുടെയും ദൃശ്യങ്ങള്‍ കൊളംബിയന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തു. കവര്‍ച്ചാശ്രമം പരാജയപ്പെട്ടതോടെ അക്രമികള്‍ ആളുകളെ ബന്ദികളാക്കുകയായിരുന്നു.

ഏകദേശം 20 ലക്ഷം യു.എസ്‌. ഡോളര്‍, രണ്ട്‌ കവചിതവാഹനങ്ങള്‍, കാര്‍ട്ടജീനയ്‌ക്ക് 130 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ബാരന്‍ക്വില്ല നഗരത്തിലേക്ക്‌ സുരക്ഷിതമായി പോകാനുള്ള സൗകര്യം എന്നിവയാണ്‌ ബന്ദികളെ മോചിപ്പിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടത്‌. അക്രമികള്‍ ഗറില്ലകളോ തീവ്രവാദികളോ അല്ലെന്നും രക്ഷപ്പെടാന്‍ വഴിയില്ലാതെ ആളുകളെ ബന്ദികളാക്കിയ സാധാരണ ക്രിമിനലുകളാണെന്നും പ്രസിഡന്റ്‌ അറിയിച്ചു. കൊളംബിയയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാരകേന്ദ്രവും പ്രധാന കരീബിയന്‍ തുറമുഖവുമാണ്‌ കാര്‍ട്ടജീന.

ബന്ധപ്പെട്ട വാർത്തകൾ