തിരുവനന്തപുരം: കിൻഫ്ര ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി. അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച അതേ ഭൂമി ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്ന് എം പി ചൂണ്ടിക്കാട്ടി. ഈ വൈരുധ്യം ചൂണ്ടിക്കാട്ടി ഏത് സതീശനെയാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
2026 ജൂലൈ 28ന് ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മട്ടന്നൂരിലെ രണ്ട് ഭൂമികൾ ഭവ്യ പദ്ധതിക്കായി സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 28ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതേ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബർ 30ന്, ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ അനുയോജ്യമായ ഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചുവെന്നാണ് എംപി ചൂണ്ടിക്കാട്ടിയത്.
ഭവ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ട് ഭൂമികളുടെ നിർദേശമാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ഇതിൽ കിൻഫ്ര ഏറ്റെടുത്ത ഭൂമിയും ഉൾപ്പെടുന്നുണ്ട്. ഈ ഭൂമി വ്യവസായ പാർക്കുകൾക്ക് അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷമാണ് നിർദേശം സമർപ്പിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.