25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

വാഹനങ്ങളിൽ ജാതിപ്പേരുകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ; ലംഘിച്ചാൽ നടപടി

N
Nikhil •
WhatsApp Facebook X
വാഹനങ്ങളിൽ ജാതിപ്പേരുകളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ; ലംഘിച്ചാൽ നടപടി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

അഹമ്മദാബാദ്: സ്വകാര്യ വാഹനങ്ങളിൽ ജാതിപ്പേരുകളോ ജാതി തിരിച്ചറിയുന്ന ചിഹ്നങ്ങളോ പ്രതീകങ്ങളോ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ. ഇതുസംബന്ധിച്ച് 1989-ലെ ഗുജറാത്ത് മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസുകൾ, ട്രക്കുകൾ തുടങ്ങിയ വാഹനങ്ങളിൽ ജാതിയുമായി ബന്ധപ്പെട്ട പേരുകൾ, വാക്കുകൾ, ചിഹ്നങ്ങൾ, രൂപങ്ങൾ, മറ്റ് എഴുത്തുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് വിലക്ക്. ഇത്തരം അടയാളങ്ങൾ പ്രദർശിപ്പിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി തേടണമെന്നും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

ഗുജറാത്തിലെ സ്വകാര്യ വാഹനങ്ങളിൽ പാട്ടിദാർ, ക്ഷത്രിയ തുടങ്ങിയ ജാതിപ്പേരുകളും ജാതി തിരിച്ചറിയുന്ന മറ്റ് അടയാളങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയന്ത്രണം കൊണ്ടുവന്നത്.

നേരത്തെ, വാഹനങ്ങളിൽ ജാതി തിരിച്ചറിയുന്ന അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ 2025-ൽ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിന്റെയും നടപടി.

ഭേദഗതിയുടെ കരട് ചട്ടങ്ങൾ ഈ വർഷം ജൂൺ 11-ന് സംസ്ഥാന സർക്കാരിന്റെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും 30 ദിവസത്തിനകം ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ സർക്കാരിന് ആക്ഷേപങ്ങളോ നിർദേശങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ