ഇടുക്കി: ചക്കക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വെച്ചു. ഉച്ചയ്ക്ക് 3.38-നാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. തുടർന്ന് അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. മയങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആന അനങ്ങാതെ നിൽക്കുകയാണെന്നും അൽപസമയത്തെ നിരീക്ഷണത്തിന് ശേഷം രണ്ടാമത്തെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നുമാണ് വിവരം. അതേസമയം, ദൗത്യത്തിനായി കുങ്കിയാനകൾ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുംകി ആനകളെ തയാറാക്കി നിർത്തി. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ച വരെ നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.