Thursday, 26 November 2026
Online Edition

'നമ്മുടെ ജീവിതം നമ്മൾ തന്നെ സുരക്ഷിതമാക്കണം'; അന്ന് എടുത്ത തീരുമാനത്തെക്കുറിച്ച് ശോഭ വിശ്വനാഥ്

ഗാർഹിക പീഡനത്തിൽ നിന്ന് പുറത്തുവന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് മുൻ ബിഗ് ബോസ് താരം ശോഭ വിശ്വനാഥ്.

N
Nikhil •
'നമ്മുടെ ജീവിതം നമ്മൾ തന്നെ സുരക്ഷിതമാക്കണം'; അന്ന് എടുത്ത തീരുമാനത്തെക്കുറിച്ച് ശോഭ വിശ്വനാഥ്
Select Article Language:
Showing original Malayalam version.

മുൻ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെക്കുറിച്ച് പല തവണ സംസാരിച്ചിട്ടുള്ളയാളാണ് സംരംഭകയും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ ശോഭ വിശ്വനാഥ്. ഒരു പ്രാവശ്യം അടിച്ചയാൾ 10 പ്രാവശ്യം അടിക്കാനും മടിക്കില്ല, ഒരടി കൊണ്ടാൽ പിന്നെയും നമ്മൾ അടി കൊണ്ടിരിക്കുമെന്നുമാണ് ശോഭ പറയുന്നത്. പുതിയ അഭിമുഖത്തിലാണ് ശോഭ ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത്.

''ഗാർഹിക പീ‍ഡനം എത്രയും പെട്ടെന്ന് മനസിലാക്കുക. ഒരു അടി കൊണ്ടാൽ പിന്നെയും നമ്മൾ അടി കൊണ്ടിരിക്കും. അതൊരു ശീലമാകും. ഒരു പ്രാവശ്യം അടിച്ചയാൾ 10 പ്രാവശ്യം അടിക്കാനും മടിക്കില്ല. ഏത് ബന്ധത്തിലും ബഹുമാനം വളരെ പ്രധാനമാണ്. അത് എന്ന് മുറിയുന്നോ അന്ന് റിലേഷനിൽ വിള്ളലുണ്ടാകും. ചിലപ്പോൾ അബ്യൂസ് വെർബൽ ആയിരിക്കും. ചിലപ്പോൾ ഫിസിക്കൽ ആയിരിക്കും. മൂന്നര വർഷമാണ് ഞാൻ സഹിച്ചത്. എങ്ങനെ പുറത്ത് വരണമെന്ന് എനിക്കറിയില്ലായിരുന്നു. വയസായ അച്ഛനും അമ്മയുമാണ്. അവരുടെ വീട്ടിൽ പോയാൽ നമ്മൾ ബാധ്യതയാകുമോ, ചുറ്റുമുള്ളവർ എന്ത് സംസാരിക്കും എന്നെല്ലാം ചിന്തിക്കും. എങ്ങനെ പുറത്ത് കടക്കുമെന്നറിയാതെ ഞാനൊരുപാട് സമയം നിന്നിട്ടുണ്ട്. റീഹാബ് ചെയ്യാൻ ഞാൻ ചാൻസത്രയും കൊ‌ടുത്തിട്ടുണ്ട്. പക്ഷേ, ആൾ റെഡിയായിരുന്നില്ല.

ഇപ്പോൾ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്പീക്ക് അപ് എന്ന പ്രൊജക്ട്. പൊലീസ് വരും, ചുറ്റുമുള്ളവർ അറിയും എന്ന പേടിയുണ്ടാകും പലർക്കും. പക്ഷേ അവർ വരുന്നത് മഫ്തിയിലായിരിക്കും. രഹസ്യമായി കേസെടുക്കും. പെട്ടെന്നുള്ള ആക്ഷനായിരിക്കും. മാത്രമല്ല സുരക്ഷിത സ്ഥലത്തേക്ക് നമ്മളെ മാറ്റുകയും ചെയ്യും. മിക്കവാറും ഉപദ്രവം നടക്കുക രാത്രി കാലങ്ങളിലായിരിക്കും. ചിലപ്പോൾ അതിരാവിലെ. എനിക്കും അങ്ങനെയാണ് നടന്നത്. അവസാനം പൊലീസിനെ വിളിക്കേണ്ടി വന്നതാണ്. മൂന്ന് മണിക്ക് സഹോദരനെ വിളിച്ചു. എടുത്തില്ല. അങ്ങനെ പൊലീസിനെ വിളിക്കേണ്ടി വന്നതാണ്. എല്ലാ സപ്പോർട്ടും സർക്കാർ തരും. പേടിക്കേണ്ടതില്ല. ഞാൻ ചെയ്ത തെറ്റ് വീട്ടിലോ സുഹൃത്തുക്കളോടോ പറയാതെ ഒറ്റയ്ക്ക് സഹിച്ചു എന്നതാണ്. കമ്മ്യൂണിക്കേറ്റ് ചെയ്യണം. രണ്ട് പ്രാവശ്യം ഞാൻ ആശുപത്രിയിലായി. ആ സമയത്ത് പൊലീസ് സ്റ്റേഷന്റെ വക്കിൽ വരെ എത്തിയതാണ്. എന്നിട്ട് ഞാൻ തിരിഞ്ഞ് നടന്നു. നാണക്കേട് ഭയന്നായിരുന്നു അത്. പിന്നെ കംഫർട്ട്, ഒന്നുമില്ലെങ്കിലും ഒരാണുണ്ട് എന്നത്. അതെല്ലാം ബ്രേക്ക് ചെയ്യണം. നമ്മുടെ ജീവിതം നമ്മൾ തന്നെ സുരക്ഷിതമാക്കണം'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ശോഭ പറഞ്ഞു.

Related Stories