Thursday, 26 November 2026
Online Edition

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് നാളെ തുടക്കം, ഇന്ത്യൻ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങൾ നിർദ്ദേശിച്ച് ആകാശ് ചോപ്ര

ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തണമെന്ന് ആകാശ് ചോപ്ര.

N
Nikhil •
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് നാളെ തുടക്കം, ഇന്ത്യൻ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങൾ നിർദ്ദേശിച്ച് ആകാശ് ചോപ്ര
Select Article Language:
Showing original Malayalam version.

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവനിൽ രണ്ട് നിര്‍ണായക മാറ്റങ്ങൾ നിര്‍ദശിച്ച് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. അൻഷുൽ കാംബോജിന് പകരം പേസര്‍ മുഹമ്മദ് സിറാജിനെയും വാഷിംഗ്ടൺ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെയും പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തണമെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

വെല്ലിംഗ്ടണിൽ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നീ നാല് പേസർമാരെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചത്. സിറാജിനെയും ജഡേജയെയും പുറത്തിരുത്തിയ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും 20 വിക്കറ്റുകൾ വീഴ്ത്തണമെങ്കിൽ മുഹമ്മദ് സിറാജിനെ കളിപ്പിക്കണമെന്നും കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യക്തമായതായും ചോപ്ര പറഞ്ഞു. ഫോമിനെക്കുറിച്ച് ക്യാപ്റ്റൻ സംസാരിച്ചെങ്കിലും പുറത്തിരുന്ന് ഫോം വീണ്ടെടുക്കാനാവില്ലെന്നും അതിനാൽ സിറാജിനെ കളിപ്പിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ ദശകത്തിൽ സിറാജ് ഇല്ലാതെ സെന രാജ്യങ്ങളിൽ ഇന്ത്യ ഒരു മത്സരം ജയിച്ചതായി ഓർമ്മയില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ബുംറ ഇല്ലാതെ സെന രാജ്യങ്ങളില്‍ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടുണ്ട്, എന്നാൽ സിറാജ് ഇല്ലാതെ ജയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റില്‍ ഒരു ഫാസ്റ്റ് ബൗളറെ മാറ്റിനിർത്തണമെന്നും അത് അൻഷുൽ കാംബോജ് ആയിരിക്കണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. വെല്ലിംഗ്ടൺ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലുമായി 45 ഓവർ പന്തെറിഞ്ഞ അൻഷുൽ കാംബോജ് 114 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ നൈറ്റ് വാച്ച്മാനായി ആറാം നമ്പറിൽ ഇറങ്ങി 42 പന്തിൽ 38 റൺസെടുക്കുകയും ചെയ്തു. രണ്ടാമത്തെ മാറ്റമായി വാഷിംഗ്ടൺ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ മത്സരത്തിലും ജഡേജ കളിക്കേണ്ടതായിരുന്നുവെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിലോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെ തേടുമ്പോൾ മത്സരത്തിൽ ശരാശരി കുറഞ്ഞത് നാല് വിക്കറ്റെങ്കിലും നേടുന്നയാളായിരിക്കണമെന്നും എന്നാൽ വാഷിംഗ്ടൺ സുന്ദറിന്‍റെ ശരാശരി രണ്ട് മാത്രമാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏകദേശം 600 വിക്കറ്റുകൾ നേടിയ താരമാണ് ജഡേജയെന്നും എന്നാൽ ഇതുവരെ കളിച്ച 50-ലധികം മത്സരങ്ങളിൽ നിന്ന് 110-ലധികം വിക്കറ്റുകളും 18-19 ടെസ്റ്റുകളിൽ നിന്ന് ആകെ 41-42 വിക്കറ്റുകളുമാണ് സുന്ദറിനുള്ളതെന്നും അതിൽ തന്നെ 11 വിക്കറ്റുകൾ ഒരു മത്സരത്തിൽ മാത്രം ലഭിച്ചതാണെന്നും ആകാശ് ചോപ്ര പറഞ്ഞു. അതിനാൽ ജഡേജയെ കളിപ്പിക്കണമെന്നും ടൈം പാസിനല്ല താരത്തെ ടീമിലെടുത്തതെന്നും ചോപ്ര കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി 55 ഓവർ എറിഞ്ഞ വാഷിംഗ്ടൺ സുന്ദർ 110 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ബാറ്റിംഗിനിറങ്ങി 26 പന്തിൽ 24 റൺസും സുന്ദര്‍ നേടി. അതേസമയം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഇന്ത്യൻ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലും മത്സരത്തലേന്ന് നല്‍കിയത്. ഗുര്‍നൂര്‍ ബ്രാര്‍ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും മോര്‍ക്കല്‍ തള്ളിക്കളഞ്ഞില്ല.

Related Stories