Saturday, 28 November 2026
Online Edition

കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്: ഇന്ന് തന്നെ കണക്കുകൂട്ടിയില്ലെങ്കില്‍ നാളെ ലക്ഷ്യം കൈവിട്ടേക്കാം

വിദ്യാഭ്യാസച്ചെലവ് വര്‍ഷങ്ങളായി ഉയരുകയാണ്. അതിനാല്‍ ഭാവിയിലെ ചെലവ് കണക്കാക്കുമ്പോള്‍ പണപ്പെരുപ്പവും പരിഗണിക്കണം. 2026 സെപ്റ്റംബറില്‍ വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം ഏകദേശം 4 ശതമാനമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ ഇത് ഏകദേശം 3.5 ശതമാനവും.

N
Nikhil •
കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്: ഇന്ന് തന്നെ കണക്കുകൂട്ടിയില്ലെങ്കില്‍ നാളെ ലക്ഷ്യം കൈവിട്ടേക്കാം
Select Article Language:
Showing original Malayalam version.

ജീവിതത്തിലെ പല ലക്ഷ്യങ്ങള്‍ക്കും സമയത്തിന്റെ കാര്യത്തില്‍ കുറച്ചെങ്കിലും ഇളവുണ്ട്. വീട് വാങ്ങുന്നത് ഒരു വര്‍ഷം മാറ്റിവയ്ക്കാം. വിരമിക്കുമ്പോള്‍ ആവശ്യമായ സമ്പാദ്യം തികഞ്ഞില്ലെങ്കില്‍ വിരമിക്കല്‍ ഒന്നോ രണ്ടോ വര്‍ഷം നീട്ടാനും കഴിയും. എന്നാല്‍ കുട്ടിയുടെ കോളജ് പ്രവേശനം അങ്ങനെയല്ല. പ്രവേശന തീയതി നിശ്ചയിച്ചാല്‍ ഫീസ് കൃത്യസമയത്ത് അടയ്ക്കണം. അല്ലെങ്കില്‍ ആ സീറ്റ് മറ്റൊരാള്‍ക്ക് ലഭിച്ചേക്കാം.

അതുകൊണ്ടുതന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക ആസൂത്രണത്തില്‍ സമയം നിര്‍ണായകമാണ്. കുട്ടിയുടെ ഇപ്പോഴത്തെ പ്രായം നോക്കിയാല്‍ പണം എപ്പോള്‍ വേണ്ടിവരുമെന്ന് ഏകദേശം കണക്കാക്കാം. എന്നാല്‍ എത്ര തുക വേണ്ടിവരുമെന്നതാണ് വലിയ ചോദ്യം. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ തുക കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

കുട്ടിയുടെ വിദ്യാഭ്യാസത്തിന് എത്ര ചെലവ് വരും?
2025ല്‍ നടത്തിയ ദേശീയ സാമ്പിള്‍ സര്‍വേയിലെ വിദ്യാഭ്യാസ കണക്കുകള്‍ ചെലവിന്റെ ഏകദേശ ചിത്രം നല്‍കുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്കായി ഒരു കുടുംബം വര്‍ഷത്തില്‍ ശരാശരി 2,900 രൂപയോളം ചെലവഴിക്കുന്നു. സര്‍ക്കാര്‍ ഇതര സ്‌കൂളുകളില്‍ ഇത് ഏകദേശം 25,000 രൂപയാണ്. വിദ്യാര്‍ഥികളില്‍ ഏതാണ്ട് 27 ശതമാനം പേരും സ്വകാര്യ ട്യൂഷനെയോ കോച്ചിങ്ങിനെയോ ആശ്രയിക്കുന്നുണ്ട്.

ഇതിനുശേഷമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് വരുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 153 രാജ്യങ്ങളിലായി 18 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് പഠിക്കുന്നുണ്ട്. ഇന്ത്യയിലാകട്ടെ നിരവധി പ്രഫഷണല്‍ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് മാത്രം 10 ലക്ഷം രൂപയ്ക്ക് മുകളിലാണ്.കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഉയരുന്നുണ്ടെന്ന് മിക്ക മാതാപിതാക്കള്‍ക്കും അറിയാം. എന്നാല്‍ അതിന് ആവശ്യമായ തുക എത്രയെന്ന് കൃത്യമായി കണക്കാക്കിയവര്‍ കുറവാണ്. നിക്ഷേപം നടത്താത്തവരില്‍ 20 ശതമാനം പേരുടെയും നിക്ഷേപകരില്‍ 15 ശതമാനം പേരുടെയും പ്രധാന സാമ്പത്തിക ലക്ഷ്യമാണ് കുട്ടികളുടെ വിദ്യാഭ്യാസം. എന്നാല്‍ എത്ര പണം വേണമെന്ന് കണക്കാക്കാത്ത ഒരു ലക്ഷ്യം ആഗ്രഹമായി മാത്രം അവശേഷിക്കാം.

വിദ്യാഭ്യാസ പണപ്പെരുപ്പം കണക്കുകള്‍ മാറ്റുന്നതെങ്ങനെ?
വിദ്യാഭ്യാസച്ചെലവ് വര്‍ഷങ്ങളായി ഉയരുകയാണ്. അതിനാല്‍ ഭാവിയിലെ ചെലവ് കണക്കാക്കുമ്പോള്‍ പണപ്പെരുപ്പവും പരിഗണിക്കണം. 2026 സെപ്റ്റംബറില്‍ വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം ഏകദേശം 4 ശതമാനമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തില്‍ ഇത് ഏകദേശം 3.5 ശതമാനവും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയ ശരാശരിയാണിത്. സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധന ഇതേ നിരക്കിലായിരിക്കണമെന്നില്ല. ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഫീസ് 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.

ഈ വ്യത്യാസം ഭാവിയിലെ ചെലവില്‍ വലിയ മാറ്റമുണ്ടാക്കും.
ഇന്ന് 20 ലക്ഷം രൂപ ചെലവാകുന്ന ഒരു കോഴ്‌സ് ഉദാഹരണമായി എടുക്കാം. ഫീസ് ഓരോ വര്‍ഷവും 4 ശതമാനം വീതം ഉയര്‍ന്നാല്‍ 15 വര്‍ഷത്തിനുശേഷം അതേ കോഴ്‌സിന് ഏകദേശം 36 ലക്ഷം രൂപ ചെലവാകും. എന്നാല്‍ വര്‍ഷം 10 ശതമാനം വീതമാണ് ഫീസ് ഉയരുന്നതെങ്കില്‍ ചെലവ് ഏകദേശം 83 ലക്ഷം രൂപയാകും. അതുകൊണ്ട് കുറഞ്ഞ പണപ്പെരുപ്പം കണക്കാക്കി നിക്ഷേപ പദ്ധതി തയ്യാറാക്കുകയും യഥാര്‍ഥ ഫീസ് അതിനേക്കാള്‍ വേഗത്തില്‍ ഉയരുകയും ചെയ്താല്‍ ചെറിയൊരു കുറവായിരിക്കില്ല നേരിടേണ്ടിവരിക. കുട്ടിയുടെ കോളജോ പഠിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യമോ തന്നെ മാറ്റേണ്ട സാഹചര്യം ഉണ്ടാകാം.

അതിനാല്‍ വിദ്യാഭ്യാസച്ചെലവ് എത്ര നിരക്കില്‍ വര്‍ധിക്കുമെന്ന് കണക്കാക്കുന്നതാണ് ആസൂത്രണത്തിലെ ആദ്യ നിര്‍ണായക തീരുമാനം.

Related Stories