മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേഖലകളിൽ ഉന്നതപഠനം നടത്തുന്ന പെൺകുട്ടികളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് 'സരസ്വതി' (SARSWATI - Scholarship for Assistance in Retaining Students in Higher Education) സ്കോളർഷിപ്പ്. ബി.ബി.എ (BBA), ബി.സി.എ (BCA), ബി.എം.എസ് (BMS) എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് പഠനച്ചെലവുകൾ കണ്ടെത്തുന്നതിന് വലിയൊരു ആശ്വാസമാണ് ഈ പദ്ധതി. ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും, പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്ക് കൂടുതൽ വിദ്യാർത്ഥിനികളെ ആകർഷിക്കുകയുമാണ്, ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കോളർഷിപ്പ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾക്ക് പ്രതിവർഷം 25,000 രൂപ വീതം സ്കോളർഷിപ്പായി ലഭിക്കും. മൂന്ന് വർഷത്തെ ബിരുദ പഠനകാലയളവിലേക്കായി പരമാവധി 75,000 രൂപ വരെയാണ് ഈ സ്കോളർഷിപ്പിലൂടെ ലഭിക്കുന്നത്. ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ, മറ്റ് പഠനസാമഗ്രികൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാവുന്നതാണ്.
അടിസ്ഥാന യോഗ്യത (Eligibility Criteria)
സരസ്വതി സ്കോളർഷിപ്പിന് പരിഗണിക്കുന്നതിന് അപേക്ഷകരായ പെൺകുട്ടികൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 2026-27 അധ്യയന വർഷം, എ.ഐ.സി.ടി.ഇ (AICTE) അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ഒന്നാം വർഷ BBA, BCA, അല്ലെങ്കിൽ BMS കോഴ്സുകളിൽ പ്രവേശനം നേടിയ പെൺകുട്ടിയായിരിക്കണം. സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന്, അപേക്ഷിക്കുന്നതിന് മുൻപ് ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി 8 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ഇതിനായി അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (Income Certificate) ഹാജരാക്കണം. പ്ലസ് ടു (+2) അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയതിന് ശേഷം ബിരുദ പ്രവേശനത്തിനിടയിൽ രണ്ട് വർഷത്തിൽ കൂടുതൽ ഇടവേളയുള്ളവർക്ക്, അപേക്ഷിക്കാൻ അവസരമില്ല.
advertisement
അപേക്ഷ സമർപ്പണം
മേൽസൂചിപ്പിച്ച യോഗ്യരായ വിദ്യാർത്ഥിനികൾ, ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥിനികൾ സമർപ്പിക്കുന്ന അപേക്ഷകൾ അതത് കോളേജുകൾക്ക് (Institutes) പരിശോധിച്ച് അംഗീകരിക്കാനുള്ള (Verification) സൗകര്യം ജനുവരി മാസം വരെ ലഭ്യമാണ്. അതിനാൽ, അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ എത്രയും വേഗം അപേക്ഷ സമർപ്പിച്ച് കോളേജ് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിന് മുൻപായി ആധാർ കാർഡ്, പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ, വരുമാന സർട്ടിഫിക്കറ്റ്, കോളേജ് അഡ്മിഷൻ രേഖകൾ, വിദ്യാർത്ഥിനിയുടെ പേരിലുള്ള ആക്ടീവ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ആധാറുമായി ബന്ധിപ്പിച്ചത്) എന്നിവ തയ്യാറാക്കി വയ്ക്കുക.
advertisement
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം, അതിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിലെ സ്കോളർഷിപ്പ് നോഡൽ ഓഫീസർക്ക് കൈമാറി വെരിഫിക്കേഷൻ പൂർത്തിയായെന്ന് ഉറപ്പുവരുത്തണം.
വെബ്സൈറ്റ്
https://sarswati.aicte.gov.in
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് കൈത്താങ്ങ്: AICTE യുടെ 'സരസ്വതി' സ്കോളർഷിപ്പ്
S
Samanyu k
•
मूल मलयालम संस्करण दिखाया जा रहा है।