Tuesday, 24 November 2026
Online Edition

മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക; ഒരു വർഷം പിന്നിട്ട് അമേരിക്കൻ വനിത, ‘ഇപ്പോഴും പ്രവർത്തനക്ഷമമെന്നത് അത്ഭുതപ്പെടുത്തുന്നെ’ന്ന് ഡോക്ടർമാർ

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വർഷം പൂർത്തിയാക്കി അമേരിക്കൻ വനിതയായ മോളി ഫാൽക്കോ ചരിത്രം കുറിച്ചു. അവയവ മാറ്റിവെക്കൽ രംഗത്ത് ഇത് വലിയ പ്രതീക്ഷ നൽകുന്നു. ഡയാലിസിസിന്റെ സഹായമില്ലാതെയാണ് ഇപ്പോൾ ഇവരുടെ ജീവിതം.

N
Nikhil •
മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക; ഒരു വർഷം പിന്നിട്ട് അമേരിക്കൻ വനിത, ‘ഇപ്പോഴും പ്രവർത്തനക്ഷമമെന്നത് അത്ഭുതപ്പെടുത്തുന്നെ’ന്ന് ഡോക്ടർമാർ
Select Article Language:
Showing original Malayalam version.

വൈദ്യശാസ്ത്ര ലോകത്തിന് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വർഷം പൂർത്തിയാക്കി അമേരിക്കൻ വനിത. ന്യൂ ഹാംഷെയർ സ്വദേശിനിയായ 58 -കാരി മോളി ഫാൽക്കോയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ, മനുഷ്യനല്ലാത്ത മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള വൃക്ക സ്വീകരിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോർഡും മോളി ഫാൽക്കോയ്ക്ക് സ്വന്തമായി. ഇതോടെ വൃക്കയ്ക്ക് വേണ്ടി കാത്തുനിൽക്കുന്ന രോഗികൾക്ക് വലിയൊരു ആശ്വാസമാവുകയാണ്.

അവയവ മാറ്റത്തിൽ വലിയ പ്രതീക്ഷ
2025 നവംബറിലായിരുന്നു ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ വെച്ച് മോളി ഫാൽക്കോ പന്നിയുടെ വൃക്ക സ്വീകരിച്ചത്. ഈ പരീക്ഷണാത്മക ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന നാലാമത്തെ വ്യക്തിയായിരുന്നു ഇവർ. അവയവദാനത്തിലൂടെ ലഭിക്കുന്ന വൃക്കകൾക്ക് നിലവിൽ വലിയ ക്ഷാമമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ മാറ്റിവെക്കുന്ന ചികിത്സാരീതിക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് മോളിയുടെ ഒരു വർഷത്തെ അതിജീവനം വ്യക്തമാക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വൈദ്യശാസ്ത്രത്തിലെ നിർണായക ചുവടുവെപ്പ്
"ഈ ചികിത്സാരീതി പ്രായോഗികമാണെന്നും ഇത്തരം വൃക്കകൾക്ക് മനുഷ്യശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും മനസ്സിലാക്കാൻ ഈ നേട്ടം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നു," മസാച്യുസെറ്റ്സ് ജനറൽ ബ്രിഗം ട്രാൻസ്പ്ലാന്‍റ് സെന്‍ററിലെ വൃക്കമാറ്റ ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. ലിയനാർഡോ റിയേല പറഞ്ഞു. എന്നാൽ, ഇതൊരു പൂർണ വിജയമായി ആഘോഷിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ശരീരത്തിലെ വിഷാംശങ്ങൾ അരിച്ചുമാറ്റുന്നതിനും മൂത്രം ഉൽപാദിപ്പിക്കുന്നതിനും പുറമെ, സാധാരണ മനുഷ്യന്‍റെ വൃക്കകൾ നിർവഹിക്കുന്ന മറ്റ് പ്രധാന പ്രവർത്തനങ്ങളും ഈ വൃക്ക കൃത്യമായി ചെയ്യുന്നുണ്ടെന്നും ഡോ. റിയേല വ്യക്തമാക്കി. മോളിക്ക് ഈ വൃക്കയുമായി ഒരു വർഷം കൂടി സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

സീനോ ട്രാൻസ്പ്ലാന്‍റേഷൻ
മറ്റൊരു ജീവിവർഗത്തിൽ നിന്നുള്ള അവയവമോ കോശങ്ങളോ മനുഷ്യനിൽ മാറ്റിവെക്കുന്ന ചികിത്സാരീതിയെയാണ് വൈദ്യശാസ്ത്രത്തിൽ 'സീനോ ട്രാൻസ്പ്ലാന്റേഷൻ' എന്ന് വിളിക്കുന്നത്. 2024 -ൽ മസാച്യുസെറ്റ്സ് ജനറൽ ബ്രിഗം ആശുപത്രിയിലാണ് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ചത്. റിക്ക് സ്ലേമാൻ എന്നയാളിലായിരുന്നു ഈ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം 52 ദിവസം അദ്ദേഹം ജീവിച്ചു. പിന്നീട് വൃക്കമാറ്റ ശസ്ത്രക്രിയയുമായി ബന്ധമില്ലാത്ത ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025 -ൽ ടിം ആൻഡ്രൂസ് എന്ന രോഗിക്കാണ് രണ്ടാമതായി പന്നിയുടെ വൃക്ക മാറ്റിവെച്ചത്. 271 ദിവസം ഈ വൃക്ക അദ്ദേഹത്തിന്‍റെ ശരീരത്തിൽ പ്രവർത്തിച്ചു. പിന്നീട് ഇത് നീക്കം ചെയ്യുകയും, മരിച്ചുപോയ ഒരു മനുഷ്യദാതാവിന്‍റെ വൃക്ക അദ്ദേഹത്തിന് മാറ്റിവെക്കുകയും ചെയ്തു.

ഡയാലിസിസിൽ നിന്നുള്ള മോചനം
ജന്മനാ ഉണ്ടായിരുന്ന ആരോഗ്യപ്രശ്നത്തെത്തുടർന്ന് വൃക്കകളുടെ പ്രവർത്തനം തകരാറിലായതോടെയാണ് അമ്പതാം വയസ്സിൽ മോളി ഫാൽക്കോയ്ക്ക് വിദഗ്ധ ചികിത്സ തേടേണ്ടിവന്നത്. ഒരു വർഷത്തോളം പതിവായി ഡയാലിസിസിന് വിധേയയാകേണ്ടിയും വന്നു. പന്നിയുടെ വൃക്ക സ്വീകരിക്കാനുള്ള അവസരം മുന്നിലെത്തിയപ്പോൾ അത് അവർക്ക് വലിയ പ്രതീക്ഷ നൽകി. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഡയാലിസിസിന്‍റെ സഹായമില്ലാതെയാണ് ഇപ്പോൾ മോളിയുടെ ജീവിതം.

Related Stories