ഇന്ത്യൻ റെയിൽവേ റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ (ആർ.എ.സി) സംവിധാനം നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . പൂർണ്ണമായ സ്ലീപ്പിംഗ് ബർത്ത് ലഭിക്കാതെ മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്നത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്ന ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മുഴുവൻ യാത്രാ സൗകര്യവും നൽകാതെ മുഴുവൻ തുക ഈടാക്കുന്നത് എന്തിനാണെന്ന് ഒരു പാർലമെന്ററി സമിതിയും ചോദ്യം ചെയ്തിരുന്നു.
എന്തുകൊണ്ടാണ് ആർ.എ.സി സംവിധാനം നിർത്തലാക്കാൻ ആലോചിക്കുന്നത്?
പ്രത്യേക ബർത്ത് ലഭിക്കാത്ത യാത്രക്കാരിൽ നിന്നും മുഴുവൻ നിരക്ക് ഈടാക്കുന്നു എന്നതാണ് ആർ.എ.സി ടിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. നിലവിലുള്ള സംവിധാനമനുസരിച്ച് രണ്ട് ആർ.എ.സി യാത്രക്കാർക്ക് ഒരേ സൈഡ്-ലോവർ ബർത്ത് ആണ് അനുവദിക്കുന്നത്. പകൽ സമയത്ത് ഇരിക്കാനും രാത്രിയിൽ കിടന്നുറങ്ങാനും ഇവർ ഈ ബർത്ത് പങ്കിടേണ്ടി വരുന്നു.
സ്ത്രീകളും പുരുഷന്മാരും ഒരേ ബർത്ത് പങ്കിടേണ്ടി വരുമ്പോൾ അത് പലപ്പോഴും അസൗകര്യങ്ങൾക്ക് കാരണമാകാറുണ്ട്. ഒഴിവുള്ള ബെർത്തുകൾ ഇല്ലാത്ത പക്ഷം ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരുടെ സൗകര്യാർത്ഥം മറ്റ് ക്രമീകരണങ്ങൾ കണ്ടെത്താൻ ട്രെയിൻ ടിക്കറ്റ് എക്സാമിനർമാർ (ടി.ടി.ഇ) ബുദ്ധിമുട്ടാറുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ നിലവിലുള്ള വ്യവസ്ഥ പരിശോധിച്ചുവരികയാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
മുഴുവൻ തുകയും നൽകി ഇനി ബർത്ത് പങ്കിടേണ്ടി വരില്ല; RAC സംവിധാനം അവസാനിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ
S
Samanyu k
•
Showing original Malayalam version.