26-11-2026, गुरुवार
ऑनलाइन संस्करण

സൂഫി പാരമ്പര്യത്തിന് മാതൃകയാകാൻ ഇന്ത്യയ്ക്ക് കഴിയും: ഇന്തോ-ഈജിപ്ത് വട്ടമേശ സമ്മേളനം

N
Nikhil •
WhatsApp Facebook X
സൂഫി പാരമ്പര്യത്തിന് മാതൃകയാകാൻ ഇന്ത്യയ്ക്ക് കഴിയും: ഇന്തോ-ഈജിപ്ത് വട്ടമേശ സമ്മേളനം
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം: സമ്പന്നമായ സൂഫി പാരമ്പര്യത്തിലൂടെ മിതവാദ ഇസ്‌ലാമിന്റെ ആഗോള മാതൃകയായി ഉയരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഇന്തോ-ഈജിപ്ത് വട്ടമേശ സമ്മേളനം. ഇന്തോ-ഇസ്‌ലാമിക് ഹെറിറ്റേജ് സെന്ററിന്റെ (ഐഐഎച്ച്സി) ആഭിമുഖ്യത്തിൽ ഡൽഹിയിലെ ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ വിലയിരുത്തൽ.

‘ഇന്ത്യയിലെയും ഈജിപ്തിലെയും സൂഫിസം; സമാധാനത്തിന്റെയും ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും പൈതൃകം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ പണ്ഡിതന്മാരും മതനേതാക്കളും മാധ്യമപ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിന്റെയും നാഗരിക ശക്തിയുടെയും പ്രധാന ഉറവിടം സൂഫി പാരമ്പര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തീവ്രവാദവും അസഹിഷ്ണുതയും ആഗോള വെല്ലുവിളിയാകുന്ന കാലത്ത്, ഇന്ത്യയുടെ ബഹുസ്വര ആത്മീയ പൈതൃകത്തിന് ലോകത്തിന് പുതിയ ദിശാബോധം നൽകാനാകും.

വൈവിധ്യമാർന്ന സൂഫി പാരമ്പര്യങ്ങളെ സ്വാംശീകരിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് ശ്രദ്ധേയമാണെന്ന് കെയ്‌റോ അൽ അസ്ഹർ സർവകലാശാലയിലെ ഗ്രാൻഡ് ഇമാമിന്റെ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് അബ്ദുൽസമദ് മഹന്ന പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള പുരോഗമനപരവും സമഗ്രവുമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സൂഫി അനുഭവം ലോകത്തിന് മാതൃകയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജാമിയ മില്ലിയ ഇസ്‌ലാമിയ നിയമഫാക്കൽട്ടി ഡീൻ പ്രൊഫ. ഡോ. ഗുലാം യസ്ദാനി എടുത്തുപറഞ്ഞു. സ്നേഹത്തിലും ഐക്യത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ ചരിത്രവും സൂഫി പൈതൃകവും സമാധാനപരമായ സഹവർത്തിത്വത്തിന് അടിത്തറയാണെന്ന് ദർഗ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയിലെ സജ്ജാദനഷീൻ പീർ സയ്യിദ് ഫരീദ് അഹമ്മദ് നിസാമി അഭിപ്രായപ്പെട്ടു.

ഐ.ഐ.എച്ച്.സി റിസർച്ച് ഫെലോ മുഹമ്മദ് നഫ്രുദീൻ സർക്കാരിയ സമ്മേളനം നയിച്ചു. മുസ്‌ലിം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഷുജാത്ത് അലി ക്വാദ്രി നന്ദി പറഞ്ഞു. ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ സെന്റർ മുൻ പ്രസിഡന്റ് സിറാജുദ്ദീൻ ഖുറേഷി, സഹാറ ഗ്രൂപ്പ് എഡിറ്റർ അബ്ദുൽ മജീദ് നിസാമി, പില്ലർ ഇന്ത്യ എഡിറ്റർ ഖുർഷിദ് റബ്ബാനി, മുഹമ്മദ് ഗാസി, തൻസീം ഉലമ-ഇ-ഇസ്‌ലാം ചെയർമാൻ മുഫ്തി അഷ്ഫാഖ് ഹുസൈൻ ക്വാദ്രി തുടങ്ങിയവർ പ്രസംഗിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബൗദ്ധിക, സാംസ്കാരിക കൈമാറ്റങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചാണ് സമ്മേളനം സമാപിച്ചത്.

संबंधित समाचार