Wednesday, 25 November 2026
Online Edition

'മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം'; ആവശ്യമുന്നയിച്ച് ശരദ് പവാർ; ചർച്ചകൾ സജീവം, ബിജെപിക്കെതിരേ സമരം വേണ്ടെന്നും നിർദേശം

നിലവിൽ എൻഡിഎയുടെ ഭാ​ഗമായ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ എൻഡിഎ മുന്നണിയായ മഹായുതി സഖ്യത്തിലെ നാലാമത്തെ പാർട്ടിയായോ ശരദ് പവാർ വിഭാ​ഗത്തെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയിൽ എൻസിപി(എസ്പി)യുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്.

N
Nikhil •
'മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം'; ആവശ്യമുന്നയിച്ച് ശരദ് പവാർ; ചർച്ചകൾ സജീവം, ബിജെപിക്കെതിരേ സമരം വേണ്ടെന്നും നിർദേശം
Select Article Language:
Showing original Malayalam version.

മുംബൈ: എൻസിപി(എസ്പി)യെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമായതിനിടെ ശരദ് പവാർ മകൾക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായി സൂചന. എൻഡിഎയെ പിന്തുണയ്ക്കുകയാണെങ്കിൽ പകരം മകൾ സുപ്രിയ സുലെയെ മ​ഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം.

നിലവിൽ എൻഡിഎയുടെ ഭാ​ഗമായ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ എൻഡിഎ മുന്നണിയായ മഹായുതി സഖ്യത്തിലെ നാലാമത്തെ പാർട്ടിയായോ ശരദ് പവാർ വിഭാ​ഗത്തെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. പാർലമെന്റിൽ മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയിൽ എൻസിപി(എസ്പി)യുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്. എൻസിപി(എസ്പി) ഈ രണ്ട് ബില്ലിനെയും പാർലമെന്റിൽ അനുകൂലിച്ചേക്കുമെന്നാണ് വിവരം. ഇതിന് പകരമായാണ് സുപ്രിയ സുലെയെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ ബിജെപിയും എൻസിപി(എസ്പി)യുമായും നടന്ന ചർച്ചകളിൽ സുപ്രിയ സുലെയ്ക്ക് പ്രധാനപ്പെട്ട കാബിനറ്റ് മന്ത്രി പദവിയാണ് ബിജെപി വാ​ഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇതുവേണ്ടെന്നും പകരം മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി വേണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിനുപകരമായി മണ്ഡല പുനർനിർണയ ബില്ലിനെ പാർട്ടി അനുകൂലിക്കും. മാത്രമല്ല, മറ്റു ചെറിയ പാർട്ടികളെ ഒരുമിപ്പിച്ച് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാമെന്നും നേതൃത്വത്തോട് അസംതൃപ്തി പുലർത്തുന്ന ചില കോൺ​ഗ്രസ് എംപിമാരെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനായി പ്രേരിപ്പിക്കാമെന്നും എൻസിപി(എസ്പി) വാ​ഗ്ദാനം നൽകിയതായാണ് റിപ്പോർട്ട്. പുതിയ സഖ്യ സാധ്യതകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരുമായും ശരദ് പവാർ അണിയറയിൽ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ബിജെപിയുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരായ പ്രതിഷേധങ്ങൾ വേണ്ടെന്ന് ജില്ലാ നേതാക്കൾക്ക് എൻസിപി(എസ്പി) നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ബിജെപിയെ ലക്ഷ്യമിട്ടുള്ള പ്രതിഷേധപരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് നിർദേശം. മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെ എൻസിപി(എസ്പി) എംഎൽഎ രോഹിത് പവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രതിഷേധ മാർച്ചിന് ആഹ്വാനംചെയ്തിരുന്നത്. പുതിയ സാഹചര്യത്തിൽ ഇതിൽനിന്ന് പിന്മാറാനാണ് നേതൃത്വത്തിന്റെ നിർദേശം. ബിജെപിയുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരം സമരങ്ങൾ തിരിച്ചടിയായേക്കുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

Related Stories