Wednesday, 25 November 2026
Online Edition

മുൻകാമുകിയെ കൊലപ്പെടുത്തിയതിന് 30 മാസം ജയിലിൽ കിടന്ന യുവാവ് യുവതിയെ അന്വേഷിച്ച് ജീവനോടെ കണ്ടെത്തി‌

S
Samanyu k •
മുൻകാമുകിയെ കൊലപ്പെടുത്തിയതിന് 30 മാസം ജയിലിൽ കിടന്ന യുവാവ് യുവതിയെ അന്വേഷിച്ച് ജീവനോടെ കണ്ടെത്തി‌
Select Article Language:
Showing original Malayalam version.

കർണാടകയിൽ ആറ് വർഷം മുൻപ് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുകയും ചെയ്ത 35-കാരിയെ ആണ് ജീവനോടെ കണ്ടെത്തിയത്. മണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലുള്ള മായിഗോനഹള്ളിയിൽ രണ്ടാം ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന പാണ്ഡവപുര സ്വദേശി എൻ. മഞ്ജുവിനെയാണ് പൊലീസ് കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടെന്ന പിതാവിന്റെ പരാതിയിൽ നിരപരാധിയായ യുവാവ് 30 മാസത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. പാണ്ഡവപുര രാഗിമുദ്ദനഹള്ളി സ്വദേശിയായ രാജേഷ് ആണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചത്.
ആദ്യ വിവാഹത്തിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും അതിനാലാണ് ചാമരാജനഗർ സ്വദേശിയായ കാമുകൻ നാഗേന്ദ്രനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. ഒരു വർഷത്തോളം തമിഴ്‌നാട്ടിൽ കഴിഞ്ഞ ശേഷം പിന്നീട് മായിഗോനഹള്ളിയിലേക്ക് താമസം മാറുകയായിരുന്നു. പിതാവ് പോലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞിരുന്നില്ലെന്നും കൊലക്കേസിൽ പ്രതിയാക്കപ്പെട്ട രാജേഷുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഇക്കാര്യത്തിൽ മൊഴി നൽകാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കി.
പാണ്ഡവപുര സ്വദേശി നാഗരാജുവിന്റെ മകളായ മഞ്ജുവിനെ ശ്രീരംഗപട്ടണം താലൂക്കിലെ നീലനകൊപ്പലു ഗ്രാമവാസിയായ മഞ്ജുനാഥാണ് വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. 2019-ൽ അസുഖബാധിതയായതിനെ തുടർന്ന് ചികിത്സയ്ക്കായി മഞ്ജു പിതാവിന്റെ വീട്ടിലെത്തി. സെക്യൂരിറ്റി ജീവനക്കാരനായ നാഗരാജു ജോലിക്ക് പോയ സമയത്ത് 2019 ജൂൺ 23-നാണ് മഞ്ജുവിനെ കാണാതായത്. തുടർന്ന് ജൂലൈ മൂന്നിന് നാഗരാജു പാണ്ഡവപുര പൊലീസിൽ പരാതി നൽകി.

Related Stories