Tuesday, 24 November 2026
Online Edition

മറന്നുപോയ മരങ്ങളുടെ പാട്ടുകൾ; സമകാലിക ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കാൻ അനുപർണ റോയ് അഗോറയിൽ

വെനീസ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സംവിധായിക അനുപർണ റോയ്, ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന 'അഗോറ 26'ൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നു.

N
Nikhil •
മറന്നുപോയ മരങ്ങളുടെ പാട്ടുകൾ; സമകാലിക ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കാൻ അനുപർണ റോയ് അഗോറയിൽ
Select Article Language:
Showing original Malayalam version.

'സോങ്ങ്സ് ഓഫ് ഫൊർഗോട്ടൺ ട്രീസ്' (Songs of Forgotten Trees) എന്ന ഒരൊറ്റ സിനിമ മതി അനുപർണ റോയ് എന്ന സംവിധായികയെ അടയാളപ്പെടുത്താൻ. 2025 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്കാരം സ്വന്തമാക്കിയിരുന്നു. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഫിലിംമേക്കർ കൂടിയാണ് അനുപർണ റോയ്. കൂടാതെ തന്റെ രണ്ടാം ചിത്രമായ 'ലൗവേഴ്സ് ഇൻ ദി ബ്ലൂ നൈറ്റ്' (Lovers in the Blue Night) ഈ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നെറ്റ്പാക് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ടൈം മാഗസിൻ ഈ വർഷത്തെ നെക്സ്റ്റ് ഇന്ത്യ 2026 ൽ തിരഞ്ഞെടുത്ത 100 വ്യക്തികളിൽ (TIME100 Next India 2026) ഇടം നേടാനും അനുപർണ റോയിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തന്റെ ആദ്യ ഫീച്ചർ സിനിമയുടെ പ്രദർശനത്തിനായി കേരളം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അനുപർണ റോയ് എത്തിയിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന അഗോറയിലൂടെ (AGORA '26) വീണ്ടും കേരളത്തിലേക്കെത്തുകയാണ് അനുപർണ റോയ്.

പശ്ചിമ ബംഗാളിലെ നാരായൺപൂർ എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന അനുപർണ റോയ്‌യെ സംബന്ധിച്ചിടത്തോളം സിനിമ എന്ന വലിയ ലോകം എത്തിപിടിക്കാവുന്നതിലും എത്രയോ ദൂരെയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും മാസ് കമ്മ്യൂണിക്കേഷനിലും തന്റെ പഠനം പൂർത്തിയാക്കിയ അനുപർണ റോയ്‌യുടെ സ്വപ്നം സിനിമ തന്നെയായിരുന്നു. സിനിമയിലേക്ക് എത്തും മുൻപ് ഡൽഹിയിലെ ഒരു കോൾ സെന്ററിലും, മുംബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഐടി സെയ്ൽസ് എക്സിക്യൂട്ടീവ് ആയും അനുപർണ പ്രവർത്തിച്ചു.

'മറന്നുപോയ മരങ്ങളുടെ പാട്ടുകൾ'
2023 ൽ ഹ്രസ്വ ചിത്രം 'റൺ ടു ദി റിവർ' (Run to the River) സംവിധാനം ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യ ഫീച്ചർ സിനിമയായ സോങ്ങ്സ് ഓഫ് ഫൊർഗോട്ടൺ ട്രീസ് എന്ന ചിത്രത്തിലൂടെ ലോക സിനിമയിൽ തന്റേതായ സ്ഥാനം അനുപർണ റോയ് കുറിച്ചിട്ടു. മുംബൈ എന്ന വലിയ നഗരത്തിൽ അസ്തിത്വ ദുഃഖത്താൽ ഓരോ ദിവസവും തള്ളിനീക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സോങ്ങ്സ് ഓഫ് ഫൊർഗോട്ടൺ ട്രീസ്. മുംബൈ എന്ന മഹാനഗരത്തിലേക്ക് കുടിയേറിയ, അഭിനയമോഹം കൊണ്ടുനടക്കുന്ന തൂയ എന്ന എന്ന പെൺകുട്ടിയും അവളുടെ അപ്പാർട്ട്മെന്റിലേക്ക് പുതുതായി താമസിക്കാനെത്തുന്ന ശ്വേതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ കാതൽ. കൃത്യമായ നിർവചനങ്ങളില്ലാത്ത, വുമൺഹുഡ് എന്നൊക്കെ വിളിക്കാൻ കഴിയുന്ന പ്ലറ്റോണിക് ആയ ഒരാത്മബന്ധത്തിന്റെ നിഴലുകൾ ഇരുവർക്കിടയിലും പ്രതിഫലിക്കുന്നത് വളരെ മനോഹരമായാണ് അനുപർണ റോയ് ചിത്രീകരിച്ചിരിക്കുന്നത്.

അനുപർണ റോയ്‌യുടെ ബാല്യകാല ഓർമയുടെ ആവിഷ്കാരമാണ് ഈ ചിത്രം. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും, തന്റെ സുഹൃത്ത് ജുമ 13 വയസ്സുള്ളപ്പോൾ സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി പ്രകാരം വിവാഹിതയായെന്നും പിന്നീട് അവളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലാതെപോയെന്നും അനുപർണ റോയ് ഓർമ്മിക്കുന്നു. "അവളുടെ നിശബ്ദത എന്നിൽ തങ്ങിനിന്നു, സ്ത്രീകളെ മായ്ക്കാനായി രൂപകൽപ്പന ചെയ്ത സാമൂഹ്യ വ്യവസ്ഥിതിയെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള അത്തരം ഓർമ്മകളാണ് സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ് രൂപപ്പെടുത്തിയിരിക്കുന്നത്." അനുപർണ റോയ് ഓർത്തെടുക്കുന്നുണ്ട്.

രണ്ടാം ചിത്രമായ ലൗവേഴ്സ് ഇൻ ദി ബ്ലൂ നൈറ്റ് വെനീസ് ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിന് ശേഷം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. മുംബൈ പശ്ചാത്തലമായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഏകാന്തത, ജാതിവിവേചനം, കുടിയേറ്റം, ലൈംഗികത, ആഗ്രഹങ്ങൾ തുടങ്ങീ പ്രമേയങ്ങളിലൂന്നിക്കൊണ്ടാണ് ചിത്രം മുന്നോട്ട് പോവുന്നത്. കരീം, അമീന, സുക്ക, ഒമ്രാൻ എന്നീ നാല് വ്യക്തികൾ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സ്നേഹവും സുരക്ഷിതത്വവും നിഷേധിക്കപ്പെട്ട മനുഷ്യർ, സ്വന്തം സ്വപ്നങ്ങളിലൂടെയും മിഥ്യാധാരണകളിലൂടെയും എങ്ങനെയാണ് ജീവിതത്തിന് ആർത്തവും ആശ്വാസവും കണ്ടെത്തുന്നതെന്ന് നാല് മനുഷ്യരിലൂടെ അനുപർണ റോയ് സംസാരിക്കുന്നു.

തിരുവനന്തപുരം കനകക്കുന്നിൽ വച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഗോറയിൽ സിനിമകളെ കുറിച്ച് സംസാരിക്കാൻ അനുപർണ റോയ് എത്തുന്നു. നവംബർ 28 ന് 'ഡയറക്ടേഴ്സ് കട്ട്' എന്ന സെഷനിലാണ് അനുപർണ റോയ് സംസാരിക്കുന്നത്. അനുപർണ റോയ്‌യെ കേൾക്കാനും അവരുടെ സിനിമകളെ കുറിച്ചും സമകാലിക ലോക സിനിമകളെ കുറിച്ചും ചർച്ച ചെയ്യാൻ അഗോറയിലേക്ക് വരൂ.

Related Stories