Thursday, 26 November 2026
Online Edition

പണപ്പെരുപ്പം ഉയരുന്നു; പലിശ നിരക്ക് വീണ്ടും ഉയരുമോ? ഭവന വായ്പയുടെ ഇഎംഐ കൂടിയേക്കും

ഒക്ടോബറിൽ പണപ്പെരുപ്പം വർധിച്ചതിനാൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയേക്കാം. ഇത് ഭവന വായ്പകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് ബാധ്യതയും വർധിക്കാൻ കാരണമാകും. കാലാവധി നീട്ടുന്നതിന് പകരം മുൻകൂർ അടവ് നടത്തുന്നത് സാമ്പത്തികമായി ഗുണം ചെയ്യും.

N
Nikhil •
പണപ്പെരുപ്പം ഉയരുന്നു; പലിശ നിരക്ക് വീണ്ടും ഉയരുമോ? ഭവന വായ്പയുടെ ഇഎംഐ കൂടിയേക്കും
Select Article Language:
Showing original Malayalam version.

പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ഭവന വായ്പ എടുത്തവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും വിലവര്‍ധന പണപ്പെരുപ്പത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പണനയം കൂടുതല്‍ കടുപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. അങ്ങനെ സംഭവിച്ചാല്‍ പലിശ നിരക്കുകള്‍ ഉയരുകയും ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് ബാധ്യത കൂടുകയും ചെയ്‌തേക്കാം.

ഒക്ടോബറില്‍ പണപ്പെരുപ്പം 6 ശതമാനം മറികടന്ന് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. ഈ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും 50 മുതല്‍ 75 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ 5.5 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് 6.25 ശതമാനം വരെ ഉയര്‍ന്നേക്കാം. ഡിമാന്‍ന്റ് നിയന്ത്രിച്ച് പണപ്പെരുപ്പം കുറയ്ക്കുകയാണ് ഉയര്‍ന്ന പലിശ നിരക്കുകളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇതിന്റെ മറുവശം സാധാരണ കുടുംബങ്ങളുടെ വായ്പാ ചെലവ് വര്‍ധിക്കുമെന്നതാണ്. പ്രത്യേകിച്ച് ദീര്‍ഘകാല ഭവന വായ്പ തിരിച്ചടയ്ക്കുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുക.

ഇഎംഐ എത്രത്തോളം ഉയരും?
റിപ്പോ നിരക്ക് ഉയര്‍ന്നാല്‍ എല്ലാ വായ്പകളുടെയും ഇഎംഐ ഉടന്‍ വര്‍ധിക്കണമെന്നില്ല. എന്നാല്‍ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കാം. പ്രത്യേകിച്ച് ഫ്‌ളോട്ടിങ് പലിശ നിരക്കിലുള്ള ഭവന വായ്പകളെയാണ് ഇത് ബാധിക്കാന്‍ സാധ്യത. വലിയ തുക വായ്പയായി ബാക്കിയുള്ളവര്‍ക്കും തിരിച്ചടവിന് ദീര്‍ഘകാലം ശേഷിക്കുന്നവര്‍ക്കും ഇതിന്റെ ആഘാതം കൂടുതലായേക്കാം. ഉദാഹരണത്തിന്, 20 വര്‍ഷം തിരിച്ചടവ് കാലാവധി ശേഷിക്കുന്ന 50 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ന്നാല്‍ ഇഎംഐ ഏകദേശം 1,570 രൂപ വര്‍ധിച്ചേക്കാം.ഒരു കോടി രൂപയുടെ ഭവന വായ്പയാണെങ്കില്‍, 50 ബേസിസ് പോയിന്റിന്റെ വര്‍ധന ഇഎംഐയില്‍ ഏകദേശം 3,100 രൂപയുടെ അധിക ബാധ്യത വരുത്തിയേക്കാം.

ഇഎംഐ കൂട്ടാതെ വായ്പാ കാലാവധി
പലിശ നിരക്ക് ഉയര്‍ന്നാല്‍ ഉടന്‍ തന്നെ ഇഎംഐ വര്‍ധിക്കണമെന്നില്ല. തുടക്കത്തില്‍ പ്രതിമാസ തിരിച്ചടവ് തുക അതേ നിലയില്‍ നിലനിര്‍ത്തി വായ്പയുടെ തിരിച്ചടവ് കാലാവധി നീട്ടാനാണ് ബാങ്കുകള്‍ ശ്രമിക്കുക. എന്നാല്‍ ഇതിലൂടെ വായ്പക്കാരന്‍ ആകെ നല്‍കേണ്ട പലിശ വര്‍ധിക്കാം. വായ്പാ കാലാവധി നീട്ടുന്നതിനേക്കാള്‍ പ്രതിമാസ തിരിച്ചടവ് കൂട്ടുന്നത് സാമ്പത്തികമായി കൂടുതല്‍ ഗുണകരമായേക്കാം. ഇടയ്ക്കിടെ വായ്പയുടെ ഒരു ഭാഗം മുന്‍കൂറായി തിരിച്ചടയ്ക്കുന്നതും ഗുണകരമാണ്. ഇതിലൂടെ കുടിശികയുള്ള വായ്പാ തുക കുറയ്ക്കാനും തിരിച്ചടവ് കാലാവധി നിയന്ത്രിക്കാനും കഴിയും.

Related Stories