തലശ്ശേരി: രണ്ടാം ഭാര്യയായ നാടോടി സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മരാജനഹള്ളി സ്വദേശി ടി.ആർ. മഞ്ജുനാഥയെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) കുറ്റക്കാരനായി കണ്ടെത്തിയത്. ജഡ്ജി സി.ജെ. ഡെന്നിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ശിക്ഷ നവംബർ 27ന് പ്രഖ്യാപിക്കും.
2017 ജനുവരി 21നാണ് ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരിട്ടിയിൽ രണ്ട് മക്കളോടൊപ്പം ടെന്റ് കെട്ടി താമസിച്ചിരുന്ന ശോഭയെയാണ് മഞ്ജുനാഥ ക്രൂരമായി കൊലപ്പെടുത്തിയത്. ദേഹത്ത് കയറിയിരുന്ന് കഴുത്തുഞെരിച്ച് ബോധരഹിതയാക്കിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു.
അഞ്ചുവയസ്സുകാരനായ മകൻ അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തുന്നത് നേരിൽ കണ്ടിരുന്നു. കേസിലെ മൂന്നാം സാക്ഷിയായിരുന്ന കുട്ടിയുടെ മൊഴിയാണ് നിർണായകമായത്. ഇപ്പോൾ 15 വയസ്സുള്ള കുട്ടി കോടതിയിൽ നൽകിയ മൊഴി ഏറെ വേദനിപ്പിക്കുന്നതായിരുന്നു.
കൊലപാതകത്തിന് പിന്നാലെ പ്രതി രണ്ട് കുട്ടികളെയും മുംബൈയിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. അമ്മയെ കാണാതായതിനെ തുടർന്ന് അനിയത്തി കരഞ്ഞതും പിന്നീട് അപരിചിതയായ സ്ത്രീ ഭക്ഷണം നൽകിയതും പൊലീസ് സ്റ്റേഷനിലെത്തിച്ചതുമെല്ലാം കുട്ടി കോടതിയിൽ വിവരിച്ചു.
2017 ഫെബ്രുവരി 21നാണ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് മറ്റൊരു കൊലപാതകത്തിന്റെ വിവരങ്ങളും പുറത്തുവന്നത്. 2015 ഡിസംബറിൽ ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ മഞ്ജുനാഥും ശോഭയും ചേർന്ന് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം വനത്തിൽ കൊണ്ടുപോയി കത്തിച്ചിരുന്നുവെന്നാണ് കേസ്.
ആദ്യ ഭർത്താവിന്റെ കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ പറഞ്ഞതാണ് അവരെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ്.