ജി.ആർ ഇന്ദുഗോപന്റെ അമ്പിളിമോൾ തിരോധാനം എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ഹെയിൽ മേരി'. 2003 ൽ വയനാട്ടിൽ നിന്നും കാണാതാവുന്ന മേരി എന്ന എന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോവുന്നത്. മേരിയെ കാണാതായി 23 വർഷങ്ങൾക്ക് ശേഷം, മേരിയുടെ കസിൻ സഹോദരി തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യുന്നതോട് കൂടി സിനിമ അതിന്റെ വഴിത്തിരിവിലേക്ക് കടക്കുന്നു.
ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം കേസ് പുനഃരന്വേഷിക്കാനായി ഇറങ്ങിത്തിരിക്കുന്ന കേരള പൊലീസ്, സർവീസിൽ നിന്നും വിരമിച്ച പോലീസ് സർജനായിരുന്ന വ്യക്തിയുടെ കൂടെ ഡ്രൈവർ ആയി ദീർഘകാലം പ്രവർത്തിച്ചിരുന്ന മധു എന്ന വ്യക്തിയിലേക്ക് അന്വേഷണം കൊണ്ടുവരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയത് മധു ആണെന്നും അതുകൊണ്ട് തന്നെ പുനഃരന്വേഷണത്തിന്റെ ഭാഗമായി മധുവിനെ വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ പോലീസ് പദ്ധതിയിടുന്നു. പോലീസ് സർജന്റെ പല കേസുകളിലും വഴിത്തിരിവായ കണ്ടെത്തലുകൾ നടത്തിയതിൽ കേവലമൊരു ഡ്രൈവർ മാത്രമായിരുന്ന മധുവിന്റെ ഇടപെടൽ വളരെ വലുതായിരുന്നു. അതുകൊണ്ട് തന്നെ കേവലം സംശയിക്കപ്പെടുന്ന പ്രതി നിലയിലല്ല പോലീസ് അയാളെ കൈകാര്യം ചെയ്യുന്നതറിയാം. മേരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് താനല്ല കുറ്റവാളി എന്ന മധുവിന്റെ വിശ്വാസവും അയാളെ അതിൽ നിന്നും സ്വയം രക്ഷപ്പെടുത്തുകയും കൂടാതെ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കുകയും ചെയ്യുക എന്നതാണ് പൊലീസിനോടൊപ്പം യാത്രതിരിക്കുന്ന മധുവിന്റെ പ്രധാന ലക്ഷ്യം. എന്നാൽ വയനാട്ടിൽ മധുവിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്.
മധു എന്ന സ്‌കൂൾ ബസ് ഡ്രൈവറെ അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. വളരെ മികച്ച രീതിയിലാണ് കുഞ്ചാക്കോ ബോബൻ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. നിസ്സഹായതയും അമർഷവും സന്തോഷവും സങ്കടവും തുടങ്ങീ എല്ലാ വികാരങ്ങളും അയാളിൽ ഭദ്രമായിരുന്നു. കഥാപാത്രങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. മേരിയുടെ അച്ഛനായി സുരാജ് വെഞ്ഞാറമൂട് ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. കൂടെ ജഗദീഷ്, സുഹാസിനി, അനു സിതാര, ഹക്കിം ഷാജഹാൻ, വിനയ് ഫോർട്ട് തുടങ്ങിയവർ അഭിനയിച്ച കഥാപാത്രങ്ങളും സ്‌ക്രീനിൽ മികച്ചുതന്നെ നിന്നു.
പ്രേക്ഷകർ ഒട്ടും മടുപ്പിക്കാത്ത ആദ്യ പകുതിയും ത്രില്ലിംഗ് അനുഭവം നൽകുന്ന രണ്ടാം പകുതിയും ചിത്രത്തെ ഏറ്റവും മികച്ചതാക്കുന്നു. റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണവും, ജേക്സ് ബിജോയ്‌യുടെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും വിഷ്ണു രവികുമാറിന്റ സംവിധാനം കൊണ്ടും സിനിമ മറ്റൊരു തലത്തിലേക്ക് എത്തുന്നുണ്ട്. ഒരു നവാഗത സംവിധായകൻ എന്ന യാതൊരു വിധകുറവുകളുമില്ലാതെയാണ് വിഷ്ണു രവികുമാർ ചിത്രമൊരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജി.ആർ. ഇന്ദുഗോപന്റെ അമ്പിളി മോൾ തിരോധാനം എന്ന നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.