25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

യാത്ര ചെയ്യാനാണ് റോഡ്, റേസിനല്ല, പരസ്പരം അറിയാത്ത ആളുകള്‍ റോഡില്‍ സ്പീഡ് കൂട്ടി മത്സരിക്കുന്നതെന്തിന്? : മമ്മൂട്ടി

S
Samanyu k •
WhatsApp Facebook X
യാത്ര ചെയ്യാനാണ് റോഡ്, റേസിനല്ല, പരസ്പരം അറിയാത്ത ആളുകള്‍ റോഡില്‍ സ്പീഡ് കൂട്ടി മത്സരിക്കുന്നതെന്തിന്? : മമ്മൂട്ടി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കൊച്ചി: ഡ്രൈവിങില്‍ ഉത്തരവാദിത്തം ആവശ്യമാണെന്ന് യുവതലമുറയെ ഓര്‍മിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജീവ സുയാത്ര മിഷന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് യാത്ര ചെയ്യാനുള്ളതാണെന്നും അത് റേസിങിനുള്ള ഇടമല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അദ്ദേഹം. (mammootty’s advice to youth for responsible driving and road safety)

തന്റെ ഡ്രൈവിങ് അത്ര സല്‍പ്പേരുള്ളതല്ലെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. അതിനാല്‍ തന്നെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കിയപ്പോള്‍ പേടിച്ചു. വണ്ടി ഓടിക്കുമ്പോള്‍ സ്പീഡ് ഇഷ്ടമുള്ളയാളാണ് താന്‍. പക്ഷേ അതുകൊണ്ട് ജാഗ്രതയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. റോഡ് റേസിങിനുള്ളതല്ലെന്നാണ് യുവതലമുറയോട് പറയാനുള്ളത്. റേസിങ് നടത്താനും വാഹനങ്ങളുടെ സ്പീഡ് ടെസ്റ്റ് ചെയ്യാനും അതിന്റേതായ ട്രാക്കുകളും സ്ഥലങ്ങളുമുണ്ട്. നമ്മളെപ്പോലെ തന്നെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുമെന്ന് ഓര്‍ക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

ബസുകളുടേയും മറ്റും മത്സരഓട്ടങ്ങള്‍ അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. പരസ്പരം അറിയാത്ത ആളുകള്‍ റോഡില്‍ സ്പീഡ് കൂട്ടി മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഡ്രൈവിങ് നമ്മുക്ക് നല്‍കുന്ന പവര്‍ ഹോള്‍ഡ് ചെയ്യാന്‍ ഉത്തരവാദിത്തം വേണം. അതൊരിക്കലും മറന്നുപോകരുത്. ഫോണില്‍ സംസാരിച്ചുകൊണ്ടും മറ്റും വാഹനമോടിക്കുന്ന നിരവധി പേരെ കാണാറുണ്ട്. എല്ലാവരുടേയും ജീവന്‍ പ്രധാനമാണ്. നിരത്തുകളിലെ ഇത്തരം അപകടങ്ങളും മറ്റും 99 ശതമാനവും നടക്കുന്നത് മാനുഷികമായ പിഴവുകളോ അശ്രദ്ധയോ കൊണ്ടാണ്. സാങ്കേതിക പിഴവുകള്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേ അപകടങ്ങളുണ്ടാക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട വാർത്തകൾ