26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

ടി.ഐ.മധുസൂദനൻ്റെ കൊലവിളി പ്രസംഗം; മറുപടിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്, ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

കണക്ക് പറയേണ്ട കാര്യങ്ങൾ പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് ടി.ഐ.മധുസൂദനൻ

N
Nikhil •
WhatsApp Facebook X
ടി.ഐ.മധുസൂദനൻ്റെ കൊലവിളി പ്രസംഗം; മറുപടിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്, ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ.മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധം കനക്കുന്നു. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെ കൊലവിളിയുടെ സ്വരത്തിൽ മധുസൂദനൻ സംസാരിച്ചതാണ് വിവാദമായത്. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകി.

പാർട്ടിയെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു മധുസൂദനൻ്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞു.

ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം പരാമർശിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും പറഞ്ഞു. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമർശങ്ങൾ. വി. കുഞ്ഞികൃഷ്ണനെ 'രാഷ്ട്രീയ നപുംസകം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.

കലാപാഹ്വാനം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി

വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ല. കലാപാഹ്വാനം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇവ വിശകലനം ചെയ്തശേഷം തുടർനടപടികൾ ആലോചിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദ പരാമർശം പിൻവലിക്കണമെന്നും സിപിഎം നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മധുസൂദനൻ്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി. കാലത്തിൻ്റെ മാറ്റം സിപിഎം മനസ്സിലാക്കണമെന്നും ഇത്തരം അക്രമവും കൊലവിളിയുമാണ് പയ്യന്നൂർ സീറ്റ് പാർട്ടിക്ക് കൈവിട്ടുപോകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജെൻസി കാലഘട്ടത്തിൽ ചെലവാകാത്ത മുദ്രാവാക്യങ്ങളാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ഉയർത്തുന്നതെന്നും ഇത് സിപിഎമ്മിനെ കൂടുതൽ നാശത്തിലേക്കാണ് നയിക്കുകയെന്നും മുരളീധരൻ വിമർശിച്ചു.

കൊലവിളി നടത്തിയാൽ കയ്യും കെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ആർക്കും ആരാച്ചാരുടെ ചുമതല നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ജഡ്ജിയെ ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തുരുമ്പിച്ച രാഷ്ട്രീയ രീതികളാണ്. ഷുക്കൂർ വധക്കേസിലെ വിധിയിൽ തങ്ങൾക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും അതിൻ്റെ പേരിൽ ജഡ്ജിയെ ചീത്തവിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മധുസൂദനൻ്റെ പ്രസംഗത്തിനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകി. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് മധുസൂദനൻ പ്രസംഗിച്ചതെന്നാണ് പരാതിയിലെ ആരോപണം. പ്രസംഗത്തിലെ പരാമർശങ്ങളിൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ബന്ധപ്പെട്ട വാർത്തകൾ