Saturday, 28 November 2026
Online Edition

വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയാണോ? ഒരു ഒപ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കാം

വായ്പയ്ക്ക് ജാമ്യം നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടയ്ക്കിടെ പരിശോധിക്കുന്നതിനൊപ്പം വായ്പയെടുത്തയാളുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതുണ്ട്.

N
Nikhil •
വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയാണോ? ഒരു ഒപ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കാം
Select Article Language:
Showing original Malayalam version.

സുഹൃത്തിനോ കുടുംബാംഗത്തിനോ വായ്പയെടുക്കാന്‍ ജാമ്യം നില്‍ക്കുമ്പോള്‍ പലരും കരുതുന്നത് ഇതൊരു ഔപചാരികത മാത്രമാണെന്നാണ്. വായ്പയെടുക്കുന്നയാള്‍ സ്ഥിരവരുമാനക്കാരനും കൃത്യമായി തിരിച്ചടക്കുന്ന ആളുമാണെങ്കില്‍ ആശങ്കയും കുറയും. വായ്പയെടുത്തയാള്‍ മാസത്തവണകള്‍ മുടക്കുകയോ തിരിച്ചടവില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ജാമ്യക്കാരനായി ഇടുന്ന ഒപ്പ് സ്വന്തം സാമ്പത്തികസ്ഥിതിയെയും ബാധിക്കാം. അതിന്റെ പ്രതിഫലനം ജാമ്യക്കാരന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലും ഭാവിയില്‍ വായ്പ ലഭിക്കാനുള്ള യോഗ്യതയിലും ഉണ്ടാകാം.

തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുമോ?
1872ലെ ഇന്ത്യന്‍ കരാര്‍ നിയമത്തിലെ 128ാം വകുപ്പ് പ്രകാരം, വായ്പയെടുത്തയാളുടേതിന് തുല്യമാണ് ജാമ്യക്കാരന്റെയും ബാധ്യത. അതായത്, വായ്പയെടുത്തയാള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ കുടിശിക തിരിച്ചടയ്ക്കാന്‍ ജാമ്യക്കാരനും ഉത്തരവാദിയാകാം. ജാമ്യം നിന്ന വായ്പ ജാമ്യക്കാരന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തും. വായ്പയെടുത്തയാള്‍ മാസത്തവണകള്‍ മുടക്കുകയോ വായ്പ നിഷ്‌ക്രിയ ആസ്തിയായി മാറുകയോ ചെയ്താല്‍, കുടിശിക സംബന്ധിച്ച വിവരം ജാമ്യക്കാരന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലും പ്രതിഫലിക്കാം. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം.

ജാമ്യക്കാരനില്‍ നിന്ന് നേരിട്ട് പണം ഈടാക്കാമോ?
1969ലെ 'ബാങ്ക് ഓഫ് ബിഹാര്‍ വേഴ്‌സസ് ദാമോദര്‍ പ്രസാദ്' കേസില്‍ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വായ്പയെടുത്തയാള്‍ക്കെതിരായ എല്ലാ നിയമനടപടികളും ആദ്യം പൂര്‍ത്തിയാക്കാതെതന്നെ ജാമ്യക്കാരനെതിരെ നടപടിയെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. സാഹചര്യമനുസരിച്ച്, കുടിശിക ഈടാക്കാന്‍ വായ്പാദാതാക്കള്‍ക്ക് സിവില്‍ കോടതിയെയോ ട്രൈബ്യൂണലിനെയോ സമീപിക്കാം. ജാമ്യക്കാരന്‍ സ്വന്തം വസ്തു ഈടായി നല്‍കിയിട്ടുണ്ടെങ്കില്‍, 2002ലെ സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകളും പ്രയോഗിക്കാം. കൂടാതെ, 2016ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡിന്റെ മൂന്നാം ഭാഗം പ്രകാരം ജാമ്യക്കാര്‍ക്കെതിരെ വ്യക്തിഗത പാപ്പരത്ത നടപടികളും ആരംഭിക്കാം. അതേസമയം, കുടിശിക അടച്ചുതീര്‍ക്കുന്ന ജാമ്യക്കാരന് ആ തുക വായ്പയെടുത്തയാളില്‍നിന്ന് തിരികെ ഈടാക്കാന്‍ നിയമപരമായ അവകാശമുണ്ട്.

ജാമ്യം നിന്നവര്‍ ശ്രദ്ധിക്കേണ്ടത്
ജാമ്യം നിന്നവര്‍ സ്വന്തം ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടയ്ക്കിടെ പരിശോധിക്കണം. ഒപ്പം, വായ്പയെടുത്തയാളുടെ തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ടോയെന്നും നിരീക്ഷിക്കണം. സ്വന്തം ആവശ്യത്തിന് പുതിയ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, ജാമ്യം നിന്ന വായ്പയുടെ തിരിച്ചടവ് സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതും സഹായകരമാകും. ആ വായ്പയുടെ തിരിച്ചടവ് മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ ഇത് ഉപകരിക്കും.

Related Stories