കോമൺവെൽത്തിൽ ഇന്ത്യക്ക് ‘പാരാ’ കരുത്ത്; പവർലിഫ്റ്റിങ്ങിൽ ജാന്ദു കുമാറിന് വെങ്കലം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പാരാ പവർലിഫ്റ്റിങ്ങിലാണ് ഇന്ത്യ ബോണി തുറന്നത്. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ ബീഹാർ സ്വദേശിയായ ജാന്ദു കുമാർ വെങ്കലം നേടി. വൻ സാമ്പത്തിക പ്രതിസന്ധികളോടും വൈകല്യത്തോടും പൊരുതി നേടിയ ജാന്ദുവിന്റെ മെഡൽ നേട്ടം കായിക ഇന്ത്യക്ക് അഭിമാനമായി.
ബീഹാറിലെ നളന്ദ ജില്ലയിലെ ഒരു സാധാരണ പച്ചക്കറി വ്യാപാരിയുടെ മകനാണ് ജാന്ദു. ജന്മനാ പോളിയോ ബാധിച്ചെങ്കിലും കായികരംഗത്തോടുള്ള അഭിനിവേശം അദ്ദേഹത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 2017-ൽ ഷോട്ട്പുട്ടിലൂടെയും ഡിസ്കസ് ത്രോയിലൂടെയുമാണ് ജാന്ദു കായികരംഗത്തേക്ക് കടന്നുവരുന്നത്. എഫ്-55 (F55) വിഭാഗത്തിൽ മത്സരിച്ച് ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി മെഡലുകൾ വാരിുകൂട്ടി. പിന്നീട് ഫിറ്റ്നസ് ട്രെയിനിങ്ങിനിടെയാണ് പവർലിഫ്റ്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മറ്റു മത്സരങ്ങളിലെ ഇന്ത്യൻ പ്രകടനം:
- നീന്തൽ: പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഇന്ത്യൻ പ്രതീക്ഷയായ ശ്രീഹരി നടരാജ് സെമിഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 14-ാം സ്ഥാനക്കാരനായാണ് ശ്രീഹരി സെമി ഉറപ്പിച്ചത്.
- ലോൺ ബോൾസ്: വനിതാ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.
- പവർലിഫ്റ്റിങ്: ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങളായ അശോക് മാലിക് 143.8 പോയിന്റോടെ നാലാം സ്ഥാനത്തും, പരംജീത് കുമാർ (135.6 പോയിന്റ്) ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇംഗ്ലണ്ടിന്റെ മാർക്ക് സ്വാൻ ഈ ഇനത്തിൽ സ്വർണം നേടി.
- പാരാ നീന്തൽ: കാഴ്ചപരിമിതിയുള്ളവരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ (S13) വിഭാഗത്തിൽ മത്സരിച്ച എട്ടുപേരും ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യൻ താരങ്ങളായ ആർ.വി.വി.ബി.കെ. ബുദിഗിന, ഇമാം അലി എന്നിവരും ഫൈനലിൽ പോരാടും.
കഴിഞ്ഞ ഗെയിംസിൽ ഹെവിവെയ്റ്റിൽ സുധീറിലൂടെ ഇന്ത്യ സ്വർണം നേടിയിരുന്നെങ്കിലും, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മെഡൽ റദ്ദാക്കുകയും താരത്തിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, ഇത്തവണ മത്സരയിനങ്ങളിൽ വരുത്തിയ വൻ വെട്ടിച്ചുരുക്കൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഏറെ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റൺ, ഷൂട്ടിങ്, ഗുസ്തി, ഹോക്കി തുടങ്ങിയ പ്രധാന ഇനങ്ങൾ സംഘാടകർ ഒഴിവാക്കിയത് തുടക്കത്തിൽ ഇന്ത്യയുടെ റാങ്കിങ്ങിനെ പിന്നോട്ടടിക്കാൻ കാരണമായി.
