ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകനായി റിഷഭ് പന്ത്, ആദായ നികുതിയായി അടച്ചത് റെക്കോര്ഡ് തുക

ഡെറാഡൂൺ: വരുമാനത്തിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഉത്തരാഖണ്ഡിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദായകനെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 23.84 കോടി രൂപയാണ് താരം നികുതിയിനത്തിൽ അടച്ചത്.
തൊട്ടുമുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധനവാണ് നികുതി തുകയിലുണ്ടായത്. കഴിഞ്ഞ വർഷം 10.5 കോടി രൂപ മുൻകൂർ നികുതി അടച്ചാണ് പന്ത് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ബി.സി.സി.ഐ വാർഷിക കരാർ, ഐ.പി.എൽ പ്രതിഫലം, മത്സര ഫീസ്, പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് പന്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലുള്ള റൂർക്കി സ്വദേശിയായ പന്ത്, ക്രിക്കറ്റ് പരിശീലനത്തിനായാണ് ഡൽഹിയിലേക്ക് ചേക്കേറിയത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.
അതേസമയം, സമീപകാലത്ത് നേരിട്ട ഫോം ഔട്ട് താരത്തിന് തിരിച്ചടിയായിട്ടുണ്ട്. റെക്കോർഡ് തുകയായ 27 കോടി രൂപക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്ത്, പിന്നീട് പ്രതിഫലം 15 കോടിയായി കുറച്ച് ഡൽഹി ക്യാപിറ്റൽസിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. ലിമിറ്റഡ് ഓവർ ടീമുകളിൽ നിന്ന് പുറത്തായ താരത്തിന് ലഖ്നൗ ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കാനായിരുന്നില്ല. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പന്ത് ഇനി ഇന്ത്യക്കായി കളത്തിലിറങ്ങുക.
