ആഞ്ചലോട്ടിയുമല്ല, ഗ്വാർഡിയോളയുമല്ല, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി; അസൂറികളുടെ കോച്ചായി മുന് ഇതിഹാസം

റോം: തുടർച്ചയായി മൂന്ന് ലോകകപ്പുകളിൽ പുറത്തിരിക്കേണ്ടി വന്നതിന്റെ വലിയ തിരിച്ചടിക്ക് പിന്നാലെ, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ അമരക്കാരനായി മുൻ ഇതിഹാസ താരം ആന്ദ്രെ പിർലോ എത്തുന്നു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ (FIGC) ഓഫർ പിർലോ സ്വീകരിച്ചതായും ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും പ്രമുഖ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.
2030 ലോകകപ്പ് വരെയുള്ള നാല് വർഷത്തെ കരാറിലാണ് 2006-ലെ ലോകകപ്പ് വിജയിയായ പിർലോ ഒപ്പുവെക്കുന്നത്. 2026 ലോകകപ്പ് യോഗ്യതയും നഷ്ടമായതോടെ ഏപ്രിലിൽ ഗെന്നാറോ ഗട്ടൂസോ രാജിവെച്ച ഒഴിവിലേക്കാണ് നിയോഗം. 2018, 2022, 2026 ലോകകപ്പുകളിലേക്ക് യോഗ്യത നേടാനാവാതെ പോയ ‘അസൂറികൾ’ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനത്തിലൂടെയാണ് കടന്നുപോകുന്നത്.
ടീമിലെ ഘടനാപരമായ മാറ്റങ്ങൾക്കായി ചുമതലയേറ്റ സാങ്കേതിക ഡയറക്ടർമാരായ പൗളോ മാൾഡീനി, ലിയോനാർഡോ എന്നിവർ ചേർന്നാണ് പിർലോയെ തെരഞ്ഞെടുത്തത്.
മറ്റ് പ്രമുഖർ പിന്മാറി
ബ്രസീൽ ദേശീയ ടീം പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ ഇറ്റലി സമീപിച്ചിരുന്നെങ്കിലും അദ്ദേഹം നിലവിലെ പദവിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രതിഫലക്കാര്യത്തിൽ ധാരണയാകാതെ പിരിഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച നടന്ന ചർച്ചകൾക്കൊടുവിൽ പിർലോയിലേക്ക് കാര്യങ്ങളെത്തിയത്.
വിമർശനങ്ങൾക്കിടയിലും പ്രതീക്ഷ
പരിശീലകനെന്ന നിലയിൽ പിർലോയുടെ പരിചയസമ്പത്തിലെ കുറവ് വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, മാൾഡീനിയും ലിയോനാർഡോയും മുന്നോട്ടുവെക്കുന്ന ദീർഘകാല ഫുട്ബോൾ പദ്ധതികൾക്ക് പിർലോ അനുയോജ്യനാണെന്നാണ് വിലയിരുത്തൽ.
- മുൻ പരിശീലന പരിചയം: യുവന്റസിലെ തന്റെ കന്നി സീസണിൽ തന്നെ കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയാനയും നേടാൻ പിർലോയ്ക്കായിരുന്നു. തുടർന്ന് തുർക്കിഷ് ക്ലബ് ഫാത്തിഹ് കരാഗുമ്രുക്, ഇറ്റാലിയൻ ക്ലബ് സാംപ്ഡോറിയ എന്നിവരെയും പരിശീലിപ്പിച്ചു.
- സമീപകാല നേട്ടം: യു.എ.ഇയിലെ ദുബായ് യുണൈറ്റഡ് എഫ്.സിയെ ചരിത്രത്തിലാദ്യമായി യു.എ.ഇ പ്രോ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യിച്ചതാണ് പിർലോയുടെ ഒടുവിലത്തെ തിളക്കമാർന്ന നേട്ടം.
ഇറ്റലിക്കായി 116 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഈ മധ്യനിര മാന്ത്രികൻ 2006-ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. വരുന്ന സെപ്റ്റംബറിൽ ആരംഭിക്കുന്ന യുവേഫ നേഷൻസ് ലീഗിലായിരിക്കും പിർലോയുടെ ആദ്യ പരീക്ഷണം. ബെൽജിയമാണ് ഇറ്റലിയുടെ ആദ്യ എതിരാളികൾ. തുടർന്ന് തുർക്കി, ഫ്രാൻസ് ടീമുകളെയും അസൂറികൾ നേരിടും.
