‘ ആ പരാജയപ്പെട്ട സംവിധായകന് എന്റെ അച്ഛനാണ്, പേര് സിബി മലയില്‍, ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ’ ; പേളിയ്ക്ക് മറുപടിയുമായി ജോ സിബി മലയില്‍

കൊച്ചി: വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണി പങ്കുവെച്ച നിലപാടിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലങ്ങളിലേക്ക്. വിമർശനങ്ങൾ ഉന്നയിച്ചവരെ ലക്ഷ്യം വെച്ച് പേളി നടത്തിയ ‘പരാജയപ്പെട്ട സംവിധായകൻ’ പരാമർശത്തിന് ശക്തമായ മറുപടിയുമായി പ്രശസ്ത സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിൽ രംഗത്തെത്തി.
വിദ്യാർത്ഥി സമരങ്ങളെയും പ്രതിഷേധങ്ങളെയും ലഘൂകരിച്ച് സംസാരിച്ച പേളിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പേളിയുടെ പോസ്റ്റിന് താഴെ “ഷെയിം ഓൺ യു” എന്ന് കുറിച്ച ജോ, പിന്നീട് സോഷ്യൽ മീഡിയയിലൂടെ അവരുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന് പിന്നാലെ തനിക്കെതിരെ രംഗത്തുവന്നത് ഒരു “പരാജയപ്പെട്ട സംവിധായകനാണ്” എന്ന് ആരോപിച്ചുകൊണ്ട് പേളി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു. പിന്നീട് ഈ സ്റ്റോറി ഡിലീറ്റ് ചെയ്തെങ്കിലും, അതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ജോ സിബി മലയിൽ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.
ജോ സിബി മലയിലിന്റെ മറുപടി കുറിപ്പിൽ നിന്ന്:
“ഹേയ് മമ്മ ബെയർ, ആ ‘പരാജയപ്പെട്ട സംവിധായകൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് ഇറങ്ങും മുൻപ് ഒന്ന് പരിശോധിക്കണമായിരുന്നു. എഴ് സ്ലൈഡുകൾ വായിക്കാൻ മാത്രം മടിയാണോ നിങ്ങൾക്ക്? 5.7 മില്യൺ ഫോളോവേഴ്സ് നിങ്ങളുടെ പാതി വെന്ത ഡിപ്ലോമസി വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഏഴ് സ്ലൈഡ് അധികമാണോ?
നിങ്ങളിത് വ്യക്തിപരമാക്കിയ സ്ഥിതിക്ക്, ഗെയിം ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകൻ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. ചെല്ല്, ചെയ്യാൻ പറ്റുന്നത് ചെയ്യൂ.”
സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുവെന്ന തോന്നൽ കാരണമാണ് താൻ പ്രതികരിച്ചതെന്നും ജോ മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി.
“തെറ്റായ ഒരു കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുന്നത് കൊടിയ പാതകമാണെന്ന് തോന്നുന്നു. ഭയമില്ലാത്തൊരാളെ നിങ്ങൾക്ക് അവഹേളിക്കാനാകില്ല. വിവരക്കേട് വിവരക്കേടാണെന്ന് പറയുന്നത് ആളുകളെ ട്രിഗർ ചെയ്യുമെങ്കിൽ അതങ്ങനെ തന്നെയാകട്ടെ. പ്രളയകാലത്തും പാൻഡെമിക്കിന്റെ സമയത്തും നമ്മൾ ഒന്നിച്ച് നിന്നതുപോലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നമ്മൾ ഒന്നിച്ച് നിൽക്കണം. സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടും” – ജോ കൂട്ടിച്ചേർത്തു.
