കരിയർ തുടങ്ങിയ ഇടത്തുതന്നെ അവസാന അധ്യായവും, പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. വരുന്ന യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 24-ന് വെയിൽസിനെതിരെ നടക്കുന്ന മത്സരമാകും പോർച്ചുഗൽ കുപ്പായത്തിൽ റൊണാൾഡോയുടെ അവസാന പോരാട്ടമെന്നാണ് സൂചനകൾ.
തന്റെ ഫുട്ബോൾ കരിയറിന് തുടക്കമിട്ട സ്പോർട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അൽവലാഡെ സ്റ്റേഡിയത്തിൽ തന്നെയാണ് വിടവാങ്ങൽ മത്സരവും ക്രമീകരിക്കുന്നതെന്ന് പോർച്ചുഗീസ് ഏജന്റിനെ ഉദ്ധരിച്ച് മാധ്യമപ്രവർത്തകൻ മുഹമ്മദ് അവാദ് വെളിപ്പെടുത്തി. എങ്കിലും, വിരമിക്കൽ വാർത്തകളിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനോ റൊണാൾഡോയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
41-ാം വയസ്സിൽ നിൽക്കുന്ന റൊണാൾഡോ, സ്പോർട്ടിങ് സി.പി. അക്കാദമിയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് മുൻപ് സ്പോർട്ടിങ്ങിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരം, പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിന്റെ നെറുകയിൽ വാണു. തുടക്കം കുറിച്ച സ്വന്തം തട്ടകത്തിൽ വെച്ചുതന്നെ ഇതിഹാസ കരിയറിന് അവസാനമാകുന്നു എന്നത് ആരാധകർക്ക് ഏറെ വൈകാരിക നിമിഷമായിരിക്കും. 2026-27 നേഷൻസ് ലീഗ് സീസണിലെ പോർച്ചുഗലിന്റെ ആദ്യ മത്സരമാണിത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും ടോപ് സ്കോററുമാണ് ക്രിസ്റ്റ്യാനോ. പോർച്ചുഗലിനായി 233 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ താരം അടിച്ചുകൂട്ടി. 2016-ലെ യൂറോ കപ്പും 2019-ലെ യുവേഫ നേഷൻസ് ലീഗ് കിരീടവുമാണ് ദേശീയ കുപ്പായത്തിലെ പ്രധാന നേട്ടങ്ങൾ.
കഴിഞ്ഞ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ സ്പെയിനോട് ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായിരുന്നു. തന്റെ അവസാന ലോകകപ്പാണിതെന്ന് മത്സരശേഷം വ്യക്തമാക്കിയെങ്കിലും ടീമിൽ നിന്നുള്ള വിരമിക്കൽ തീയതി താരം പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം ജോർജ്ജ് ജീസസ് പോർച്ചുഗലിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റിട്ടുണ്ട്. പുതിയ കോച്ചിന് കീഴിൽ കളി തുടരുമോ എന്ന കാര്യത്തിൽ റൊണാൾഡോ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
