ചൊറിച്ചിലുള്ള തലയോട്ടിയും വെളുത്ത പൊടികളും ? ; മണ്സൂണ് കാലത്ത് താരന് കൂടുന്നത് എന്തുകൊണ്ടെന്ന് അറിയാം

മൺസൂൺ കാലത്തെ അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം (Humidity) തലയോട്ടിയെ ഫംഗസുകളുടെ വളർച്ചാകേന്ദ്രമാക്കി മാറ്റുന്നതാണ് ഇതിന് കാരണം.
സാധാരണയായി താരൻ ഇല്ലാത്തവരിൽ പോലും മഴക്കാലത്ത് ഫ്ലേക്സുകൾ (Flakes) വരുന്നത് സ്വാഭാവികമാണെന്ന് ചർമ്മരോഗ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെ മൺസൂൺ കാലത്തെ താരനെ നിയന്ത്രണത്തിലാക്കാൻ സാധിക്കും.
താരനെ ചെറുക്കാൻ 5 പ്രധാന വഴികൾ
- 1. ആഴ്ചയിൽ 2-3 തവണ മുടി കഴുകാം: ആഴ്ചയിൽ ഒരിക്കൽ മാത്രം മുടി കഴുകുന്നത് തലയോട്ടിയിൽ മൃതകോശങ്ങളും വിയർപ്പും എണ്ണമയവും അഴുക്കും അടിഞ്ഞുകൂടാൻ കാരണമാകും. അതിനാൽ മഴക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകി തലയോട്ടി വൃത്തിയായി സൂക്ഷിക്കുക.
- 2. ആന്റിഫംഗൽ ഷാമ്പൂ ശരിയായ രീതിയിൽ ഉപയോഗിക്കുക: കീറ്റോകോണസോൾ (Ketoconazole), സിങ്ക് പൈറിത്തിയോൺ (Zinc Pyrithione), അല്ലെങ്കിൽ സെലിനിയം സൾഫൈഡ് (Selenium Sulphide) അടങ്ങിയ ഷാമ്പൂകൾ ഉപയോഗിക്കുന്നത് ‘മലസീസിയ’ (Malassezia) ഫംഗസിന്റെ വളർച്ച തടയും. പ്രധാന ശ്രദ്ധയ്ക്ക്: ഷാമ്പൂ പുരട്ടിയ ശേഷം 3 മുതൽ 5 മിനിറ്റ് വരെ തലയോട്ടിയിൽ വച്ചശേഷമേ കഴുകിക്കളയാവൂ. ഉടൻ കഴുകുന്നത് ഇതിന്റെ മരുന്നിന്റെ ഫലം കുറയ്ക്കും.
- 3. തലയോട്ടി എപ്പോഴും ഈർപ്പരഹിതമാക്കുക: മഴയത്ത് നനഞ്ഞു വന്ന ശേഷം മുടി കെട്ടിവെക്കുന്നത് ഫംഗസ് വളരാൻ അനുകൂല സാഹചര്യമൊരുക്കും. മഴയിൽ നനഞ്ഞാലോ മുടി കഴുകിയാലോ തലയോട്ടിയും വേരുകളും നന്നായി ഉണക്കുക. ആവശ്യമെങ്കിൽ കുറഞ്ഞ ചൂടിൽ (Low-heat) ബ്ലോ ഡ്രയർ ഉപയോഗിക്കാവുന്നതാണ്.
- 4. അമിതമായ എണ്ണ ഉപയോഗം ഒഴിവാക്കാം: ഈർപ്പമുള്ള കാലാവസ്ഥയിൽ തലയോട്ടിയിൽ കട്ടി കൂടിയ എണ്ണകൾ പുരട്ടുന്നത് ഫംഗസിന് കൂടുതൽ വളരാൻ വഴിയൊരുക്കും. എണ്ണ തേക്കാൻ ആഗ്രഹിക്കുന്നവർ തലയോട്ടിയിൽ നേരിട്ട് തേക്കാതെ മുടിയുടെ നീളത്തിലും അറ്റത്തും മാത്രം പുരട്ടാൻ ശ്രദ്ധിക്കുക.
- 5. വിട്ടുമാറാത്ത ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്: കഠിനമായ ചൊറിച്ചിൽ, തലയോട്ടിയിലും മുടിയുടെ അതിരുകളിലും ചുവപ്പുനിറം, കട്ടപിടിച്ച മഞ്ഞ നിറത്തിലുള്ള ഫ്ലേക്സുകൾ എന്നിവയുണ്ടെങ്കിൽ അത് വെറും താരനല്ല, ‘സെബോറെഹിക് ഡെർമറ്റൈറ്റിസ്’ (Seborrheic Dermatitis) ആകാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയോ അമിത മുടികൊഴിച്ചിൽ അനുഭവപ്പെടുകയോ ചെയ്താൽ ഉടനടി ഒരു ഡെർമറ്റോളജിസ്റ്റിന്റെ (Dermatologist) സഹായം തേടേണ്ടതാണ്.
