കുണ്ടന്നൂർ ബൈപാസ് അതിവേഗ പാതയിൽ ആശങ്ക; എങ്ങനെ പ്രവേശിക്കും? ആവശ്യത്തിനു പ്രവേശന കവാടമില്ല

പെരുമ്പാവൂർ: സംസ്ഥാനത്തെ ആദ്യ എട്ടുവരി പാതയായ കൊച്ചി ഔട്ടർ റിങ് റോഡിന്റെ (കുണ്ടന്നൂർ ബൈപാസ്) പ്രാഥമിക (3a) വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ കിഴക്കൻ മേഖലയിൽ കടുത്ത ആശങ്ക. കരയാംപറമ്പ്, മറ്റൂർ, പട്ടിമറ്റം, പുത്തൻകുരിശ്, അരൂർ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിൽ മാത്രം പ്രവേശന കവാടങ്ങൾ (എൻട്രി/എക്സിറ്റ് പോയിന്റുകൾ) നിശ്ചയിച്ചതാണ് പരാതിക്ക് കാരണം. ഇതിനാൽ മാറമ്പിള്ളി, വെങ്ങോല, അറയ്ക്കപ്പടി തുടങ്ങി പദ്ധതി കടന്നുപോകുന്ന കിഴക്കൻ മേഖലയിലെ പ്രധാന പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഹൈവേയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. പെരുമ്പാവൂർ നിവാസികൾക്ക് കൂടി പ്രയോജനപ്പെടുംവിധം പെരുമ്പാവൂർ–ആലുവ റോഡിലെ മഞ്ഞപ്പെട്ടിയിലോ, ആലുവ–മൂന്നാർ റോഡിലെ പോഞ്ഞാശേരിയിലോ പുതിയ പ്രവേശന കവാടം അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ പട്ടിമറ്റം, തിരുവാണിയൂർ വില്ലേജുകളിൽ മാത്രമാണ് മേഖലയിൽ എൻട്രി പോയിന്റുകളുള്ളതെന്നും, യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ പ്രവേശന കവാട പുനർനിർണയം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് (NHAI) നിവേദനം നൽകിയതായും കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ് അറിയിച്ചു.
