വിജയത്തുടർച്ചയിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്; കെസിഎല്ലിൽ മൂന്നാം ജയം, പോയിന്റ് പട്ടികയിൽ ഒന്നാമത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ജയത്തുടർച്ചയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആലപ്പി റിപ്പിൾസിനെ ആറ് വിക്കറ്റിന് തകർത്താണ് കാലിക്കറ്റ് സീസണിലെ മൂന്നാം വിജയം കുറിച്ചതും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതും. ആലപ്പി ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കാലിക്കറ്റ് മറികടന്നു. 47 പന്തിൽ 94 റൺസ് കൂട്ടിചേർത്ത നായകൻ രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കാലിക്കറ്റിന്റെ വിജയം സുഗമമാക്കിയത്. രോഹനാണ് പ്ലെയർ ഓഫ് ദി മാച്ച്.
- സ്കോർ ചുരുക്കത്തിൽ:
- ആലപ്പി റിപ്പിൾസ്: 19.3 ഓവറിൽ 131/10
- കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്: 16.5 ഓവറിൽ 135/4
ചീട്ടുകൊട്ടാരം പോലെ ആലപ്പി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് തുടക്കം മുതലേ പിഴച്ചു. ഹരികൃഷ്ണൻ എറിഞ്ഞ രണ്ടാം ഓവറിൽ ജലജ് സക്സേനയും (2) സച്ചിൻ ബേബിയും (0) പൂജ്യത്തിന് പുറത്തായതോടെ ആലപ്പി പ്രതിരോധത്തിലായി. തൊട്ടടുത്ത ഓവറിൽ ഫോമിലുള്ള മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (1) പുറത്താക്കി അഖിൽ സ്കറിയ ആഘാതം ഇരട്ടിയാക്കി. ഒരുഘട്ടത്തിൽ 16 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ആലപ്പിയെ അവസാന ഓവറുകളിൽ അഭിജിത് പ്രവീൺ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവരുടെ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. 17 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കമാണ് ആഷിഖ് 33 റൺസെടുത്തത്.
കാലിക്കറ്റിനായി നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഹരികൃഷ്ണൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
രോഹൻ കൊടുങ്കാറ്റ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനും തുടക്കത്തിൽ കെ.എസ്. അരവിന്ദ് (2), വരുൺ നായനാർ (1) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച നായകൻ രോഹൻ കുന്നുമ്മലും വൈസ് ക്യാപ്റ്റൻ അഖിൽ സ്കറിയയും ചേർന്ന് 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയതീരത്തെത്തിച്ചു. ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച രോഹൻ അജിനാസ് എറിഞ്ഞ 12-ാം ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് പറത്തിയത്.
47 പന്തിൽ ആറ് ഫോറും എട്ട് സിക്സറുമടക്കം 94 റൺസെടുത്ത രോഹൻ ഒടുവിൽ അഭിജിത് പ്രവീണിന്റെ പന്തിൽ പുറത്താവുകയായിരുന്നു. അഖിൽ സ്കറിയ 31 റൺസോടെ പുറത്താകാതെ നിന്നു. ആലപ്പിക്കായി ജലജ് സക്സേന രണ്ട് വിക്കറ്റ് വീഴ്ത്തി.
