വീണ്ടും വലച്ച് സ്പൈസ് ജെറ്റ്; കൊച്ചി – ഹൈദരാബാദ് വിമാനം റദ്ദാക്കി

കൊച്ചി: മുന്നറിയിപ്പുകളൊന്നുമില്ലാതെ വിമാന സർവീസുകൾ റദ്ദാക്കി യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നത് തുടർന്ന് സ്പൈസ് ജെറ്റ്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഒടുവിലായി റദ്ദാക്കിയത്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ കൊച്ചി – ഫുജൈറ സർവീസും കമ്പനി റദ്ദാക്കിയിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാരാണ് കമ്പനിയുടെ ഉത്തരവാദിത്തമില്ലാത്ത സമീപനം മൂലം വലഞ്ഞത്.
തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന ഫുജൈറ സർവീസ് (എസ്.ജി 081) കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയാണ് റദ്ദാക്കിയത്. സർവീസുകൾ റദ്ദാക്കുന്നതിന് പുറമേ വിമാനങ്ങൾ മണിക്കൂറുകളോളം വൈകുന്നതും പതിവായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എത്തേണ്ടിയിരുന്ന ദുബായ് വിമാനവും ചൊവ്വാഴ്ച രാവിലെ എത്തേണ്ടിയിരുന്ന ഫുജൈറ വിമാനവും ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്.
അതേസമയം, മോശം കാലാവസ്ഥ കാരണമാണ് സർവീസുകൾ തടസ്സപ്പെട്ടതെന്ന സ്പൈസ് ജെറ്റിന്റെ വാദം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ (സിയാൽ) തള്ളി. സർവീസുകളെ ബാധിക്കുന്ന തരത്തിൽ പ്രതികൂല കാലാവസ്ഥയുണ്ടായിരുന്നില്ലെന്നും സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനാണ് കമ്പനി വ്യാജ പ്രചാരണം നടത്തുന്നതെന്നും സിയാൽ വ്യക്തമാക്കി. വിമാനങ്ങൾ വൈകുന്നതിലും റദ്ദാക്കുന്നതിലും നൽകിയ നോട്ടീസിന് സ്പൈസ് ജെറ്റ് മറുപടി നൽകിയിട്ടില്ല. സർവീസുകൾ കൃത്യമാക്കത്തപക്ഷം അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കുമെന്ന മുന്നറിയിപ്പും സിയാൽ കമ്പനിക്ക് നൽകിയിട്ടുണ്ട്.
