അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യയും ചൈനയും, ചർച്ചകൾ തുടരുന്നു; ചർച്ചകൾ നല്ല അന്തരീക്ഷത്തിലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബീജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്ക പരിഹാര ചർച്ചകൾ ശുഭകരമായ അന്തരീക്ഷത്തിൽ മുന്നോട്ടുപോകുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ ശാന്തിയും സുസ്ഥിരതയും ഉറപ്പുവരുത്താൻ ഇരുരാജ്യങ്ങളും സംയുക്ത ശ്രമങ്ങൾ നടത്തിവരികയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായുള്ള ഉഭയകക്ഷി നയതന്ത്ര സംവിധാനങ്ങൾ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും 400 അംഗ പ്രമുഖ പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ-ചൈന അതിർത്തി തർക്ക പരിഹാരത്തിനായുള്ള പ്രത്യേക പ്രതിനിധി തല (Special Representatives) 25-ാം വട്ട ചർച്ചകളാണ് ബീജിങ്ങിൽ നടക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ജൂണിൽ ഡൽഹിയിൽ നടന്ന ബ്രിക്സ് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന് ശേഷം ഇരുവരും തമ്മിൽ നടക്കുന്ന സുപ്രധാന കൂടിക്കാഴ്ചയാണിത്.
ചൊവ്വാഴ്ച രാവിലെ അജിത് ഡോവൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനൊപ്പം സാമ്പത്തിക, രാഷ്ട്രീയ, ബഹുരാഷ്ട്ര തലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ ക്ഷണപ്രകാരം തിങ്കളാഴ്ചയാണ് ഡോവൽ ബീജിങ്ങിലെത്തിയത്.
കഴിഞ്ഞ വർഷം ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.
