‘ഖലീഫ’യിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖലീഫ’യിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഹംസ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 20ന് ഓണം റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
‘പോക്കിരി രാജ’ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫക്കുണ്ട്. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘അസലായവളേ’ എന്ന ഗാനം നേരത്തെ തരംഗമായിരുന്നു. സിദ് ശ്രീറാം ആലപിച്ച ഗാനത്തിന് യൂട്യൂബിൽ 3 മില്യണിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് സാഹസിക രംഗങ്ങൾ ഒരുക്കുന്നത്.
