Saturday, 28 November 2026
Online Edition

തിരുപ്പരൻകുൻട്രം വിവാദം; ഹൈന്ദവരുടെ വികാരത്തെ വൃണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

മതാചാരങ്ങൾ തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

N
Nikhil •
തിരുപ്പരൻകുൻട്രം വിവാദം; ഹൈന്ദവരുടെ വികാരത്തെ വൃണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ
Select Article Language:
Showing original Malayalam version.

ന്യൂഡൽഹി: തിരുപ്പരൻകുൻട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്. മതാചാരങ്ങൾ തടസ്സപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ മനഃപൂർവ്വം ലംഘിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

നവംബർ 24-ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും, ഉദ്യോഗസ്ഥരും ക്ഷേത്ര ഭരണസമിതിയും ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഇതിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനം ഉന്നയിക്കുകയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിജയ്‌ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്.

അതേസമയം തിരുപ്പരൻകുൺട്രം മലയിലെ കൽത്തൂണിൽ ദീപം തെളിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദീപത്തൂണിന് അടുത്തേക്ക് 20 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സുരക്ഷ പരിഗണിച്ചാണ് റിസീവർ ചുമതലയിലുള്ള മുൻ ജഡ്ജിമാരുടെ തീരുമാനം. എല്ലാവർക്കും പ്രവേശനം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ദീപം തെളിക്കാനുള്ള ഉത്തരവ് വന്നത് വിജയ് സർക്കാരിനുള്ള കനത്ത പ്രഹരമായിരുന്നു. ദീപത്തൂൺ സർവെ കല്ല് മാത്രമാണെന്നായിരുന്നു സർക്കാർ വാദം. ദീപത്തൂൺ അല്ല, സർവേക്കല്ല് ആണെന്നാണ് നിയമമന്ത്രി സിടിആർ നിർമൽ കുമാർ പ്രതികരിച്ചത്.

Related Stories