25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

'താരാട്ടുപാട്ടിന്റെ ഈണത്തിൽ 'കൺമണിയേ'; 'റൂബി'യിലെ ആദ്യ ഗാനം പുറത്ത്

സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന 'റൂബി' എന്ന ത്രില്ലർ ചിത്രത്തിലെ 'കൺമണിയേ' എന്ന ആദ്യ ഗാനം പുറത്തിറങ്ങി.

N
Nikhil •
WhatsApp Facebook X
'താരാട്ടുപാട്ടിന്റെ ഈണത്തിൽ 'കൺമണിയേ'; 'റൂബി'യിലെ ആദ്യ ഗാനം പുറത്ത്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

താരാട്ടുപാട്ടിന്റെ ആർദ്രതയും മനോഹരമായ മെലഡിയും ചേർന്ന 'കൺമണിയേ' എന്ന ഗാനവുമായി 'റൂബി'യുടെ സംഗീതയാത്രയ്ക്ക് തുടക്കം. സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനമായ 'കൺമണിയേ'യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അമൃത സുരേഷിന്റെ ഹൃദ്യമായ ആലാപനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

താരാട്ടുപാട്ടിന്റെ മൃദുലതയുള്ള ഈണം ആദ്യ കേൾവിയിൽ തന്നെ ശ്രദ്ധ നേടുന്നതാണ്. ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുജൻ ആരോമലാണ്. ഈണത്തിന്റെ വൈകാരികത ചോരാതെ മനോഹരമായി പാടിയ അമൃത സുരേഷിന്റെ ആലാപനം ഗാനത്തിന് പ്രത്യേക ഭംഗി നൽകുന്നു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫോറം മാളിലെ പി.വി.ആർ തിയേറ്ററിൽ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ ദേവനന്ദ, അപ്പാനി ശരത്, അതിഥി രവി, ധ്രുവൻ, ഷഫ്ന, ബാലാജി ശർമ്മ എന്നിവർ സംസാരിച്ചു. നിർമ്മാതാക്കളായ ഷാജു എസ്., ഫവാസ്, സംവിധായകൻ സുജൻ ആരോമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗാനം ആലപിച്ച അമൃത സുരേഷും തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്., ഫവാസ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സലാം ബാപ്പുവാണ് അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയാനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സുജൻ ആരോമലാണ്. റെജിൻ സാന്റോയാണ് ഛായാഗ്രഹണം. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. പി.ആർ.ഒ.- സതീഷ് എരിയാളത്ത്

ബന്ധപ്പെട്ട വാർത്തകൾ