Saturday, 28 November 2026
Online Edition

ഹ്യുണ്ടായ് വെർണയ്ക്ക് സുരക്ഷയിൽ ചരിത്ര നേട്ടം!

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ പുതിയ ഹ്യുണ്ടായ് വെർണ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കി. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ മികച്ച പ്രകടനമാണ് വാഹനം കാഴ്ചവെച്ചത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് അടക്കം നിരവധി സുരക്ഷാ ഫീച്ചറുകൾ വെർണയിലുണ്ട്.

N
Nikhil •
ഹ്യുണ്ടായ് വെർണയ്ക്ക് സുരക്ഷയിൽ ചരിത്ര നേട്ടം!
Select Article Language:
Showing original Malayalam version.

ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷയുടെ കാര്യത്തിൽ വമ്പൻ നേട്ടവുമായി ഹ്യുണ്ടായിയുടെ പുതിയ വെർണ. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് പുതിയ ഹ്യുണ്ടായ് വെർണ. ഇതോടെ സെഗ്മെന്റിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിങ് നേടുന്ന ആദ്യ മോഡലെന്ന നേട്ടവും വെർണയ്ക്ക് സ്വന്തമായി.

മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിൽ 32-ൽ 28.22 പോയിന്റാണ് വെർണ നേടിയത്. കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ 49-ൽ 44 പോയിന്റും സ്വന്തമാക്കി. വെർണയുടെ എച്ച്എക്സ് എട്ട് 1.5 ലിറ്റർ ടർബോ പെട്രോൾ ഡിസിടി, 1.5 ലിറ്റർ പെട്രോൾ സിവിടി വേരിയന്റുകളാണ് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. എന്നാൽ, ലഭിച്ച അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് വെർണയുടെ എല്ലാ വേരിയന്റുകൾക്കും ബാധകമാണ്.

മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ മികച്ച പ്രകടനം
ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റിൽ ഡ്രൈവറുടെ തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണം നൽകാൻ വെർണയ്ക്ക് സാധിച്ചു. എന്നാൽ നെഞ്ച്, കാലിലെ ടിബിയ ഭാഗങ്ങൾ, പാദങ്ങൾ എന്നിവയ്ക്കുള്ള സംരക്ഷണം തൃപ്തികരമായിരുന്നു. ഡ്രൈവറുടെയും മുൻസീറ്റിലെ സഹയാത്രക്കാരന്റെയും പെൽവിസ്, തുടകൾ എന്നിവയുടെ സംരക്ഷണം ശരാശരിയിൽ താഴെയായിരുന്നു.

സഹയാത്രക്കാരന്റെ തല, കഴുത്ത്, നെഞ്ച്, ഇടത് കാലിലെ ടിബിയ എന്നിവയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചു. വലത് ടിബിയയുടെ സംരക്ഷണം തൃപ്തികരമായാണ് വിലയിരുത്തിയത്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും മികച്ച സംരക്ഷണം നൽകാൻ വെർണയ്ക്ക് സാധിച്ചു. സൈഡ് ക്രാഷ് ടെസ്റ്റിൽ തല, വയർ, പെൽവിസ് എന്നിവയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചപ്പോൾ നെഞ്ചിന്റെ സംരക്ഷണം തൃപ്തികരമായിരുന്നു.

കുട്ടികളുടെ സുരക്ഷയിലും ഫുൾ മാർക്ക്
കുട്ടികളുടെ സുരക്ഷാ പരിശോധനയിലും വെർണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 18 മാസം, മൂന്ന് വയസ് പ്രായമുള്ള കുട്ടികളെ പ്രതിനിധീകരിക്കുന്ന ഡമ്മികളെ ഉപയോഗിച്ചുള്ള ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ എട്ട് പോയിന്റിൽ എട്ടും സ്വന്തമാക്കി. സൈഡ് ക്രാഷ് ടെസ്റ്റിലും നാല് പോയിന്റിൽ നാലും നേടി. ഡൈനാമിക് ചൈൽഡ് പ്രൊട്ടക്ഷൻ പരിശോധനയിൽ 24-ൽ 24 പോയിന്റും കുട്ടികളുടെ സുരക്ഷാ സീറ്റ് ഘടിപ്പിക്കുന്നതിനുള്ള പരിശോധനയിൽ 12-ൽ 12 പോയിന്റും ലഭിച്ചു.

സുരക്ഷയ്ക്കായി നിരവധി ഫീച്ചറുകൾ
സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും സമ്പന്നമാണ് പുതിയ വെർണ. 20 ഫീച്ചറുകളുള്ള ഹ്യുണ്ടായ് സ്മാർട്ട് സെൻസ് ലെവൽ രണ്ട് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് പ്രധാന ആകർഷണം. ഡ്രൈവർ, പാസഞ്ചർ, സൈഡ്, കർട്ടൻ, സെന്റർ സൈഡ് വിഭാഗങ്ങളിലായി ഏഴ് എയർബാഗുകളും വാഹനത്തിലുണ്ട്.

ഇതിനുപുറമെ ഡാഷ്‌ക്യാം, മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ എന്നിവയും ലഭ്യമാണ്.

നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ ഹോൾഡ്, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ, സർറൗണ്ട് വ്യൂ മോണിറ്റർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഐഎസ്ഒഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയവയും സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

സുരക്ഷയ്ക്ക് മുൻഗണനയെന്ന് ഹ്യുണ്ടായ്
വെർണയ്ക്ക് ലഭിച്ച അഞ്ച് സ്റ്റാർ ഭാരത് എൻസിഎപി റേറ്റിങ് സുരക്ഷയ്ക്ക് കമ്പനി നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ഗാർഗ് പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള യാത്രാ സുരക്ഷയും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസൈൻ, സാങ്കേതികവിദ്യ, പ്രകടനം, സുരക്ഷ എന്നിവയുടെ മികച്ച സംയോജനമാണ് പുതിയ വെർണയെന്നും തരുൺ ഗാർഗ് വ്യക്തമാക്കി.

Related Stories