Sunday, 29 November 2026
Online Edition

ലോക്‌സഭ സീറ്റുകളുടെ എണ്ണം 50% കൂടും, വനിത സംവരണ സീറ്റുകൾ റൊട്ടേഷൻ വ്യവസ്ഥയിൽ; മണ്ഡല പുനർനിർണയ ബില്ലിൻ്റെ കൂടുതൽ വിവരങ്ങൾ

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് മണ്ഡല പുനർനിർണയ ബില്ലിലെ വ്യവസ്ഥ. വനിത സംവരണ സീറ്റുകൾ നിശ്ചയിക്കുന്നത് റൊട്ടേഷൻ വ്യവസ്ഥയിലാകും.

N
Nikhil •
ലോക്‌സഭ സീറ്റുകളുടെ എണ്ണം 50% കൂടും, വനിത സംവരണ സീറ്റുകൾ റൊട്ടേഷൻ വ്യവസ്ഥയിൽ; മണ്ഡല പുനർനിർണയ ബില്ലിൻ്റെ കൂടുതൽ വിവരങ്ങൾ
Select Article Language:
Showing original Malayalam version.

ദില്ലി: മണ്ഡല പുനർനിർണയ ബില്ലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ. ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് പ്രകാരമാകും മണ്ഡല പുനർനിർണയം നടത്തുക. വനിത സംവരണ സീറ്റുകൾ നിശ്ചയിക്കുന്നത് റൊട്ടേഷൻ വ്യവസ്ഥയിലാകും. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കും. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെടുത്തി ആണ് വനിത സംവരണം നടത്തുക.

ഭരണഘടന ഭേദഗതി ബില്ലുമായി രണ്ടാം തവണ സഭയിൽ എത്തുമ്പോൾ പ്രതിപക്ഷത്തെ അനൈക്യം മുതലെടുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കകൾ കൂടി പരിഗണിച്ചാണ് 50 ശതമാനത്തിൻ്റെ ഏകീകൃത വർധനവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. ബില്ല് ലോക്സഭയിൽ പാസായാൽ അംഗങ്ങളുടെ പുതുക്കിയ പരിധി 2051 വരെ തുടരും.

അതേസമയം മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപി (എസ്പി) യുടെ നിലപാട് ശരദ് പവാർ കോൺഗ്രസിനെ അറിയിച്ചതായി സൂചന. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ ബില്ലിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് പവാർ പറഞ്ഞു. മണ്ഡല പുനർനിർണയം അനിവാര്യമെന്ന് എൻസിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദ് പറഞ്ഞിരുന്നു

അതിനിടെ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവർ വാർത്താ സമ്മേളനം നടത്തി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ കൊണ്ടുവരുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് നേതാക്കൾ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റിൽ 50 ശതമാനം വർധന എന്നത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസം. പ്രധാനമന്ത്രിയോട് തെക്കേ ഇന്ത്യയുടെ ആശങ്ക പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി അത് സമ്മതിച്ചുവെന്നും മണ്ഡല പുനർ നിർണയം അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു. കേരളത്തിന് 20 സീറ്റ് എന്നത് 30 ആയി ഉയരും. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആകെ സീറ്റുകൾ 195 ആയി ഉയരും. മണ്ഡല പുനനിർണയം നടപ്പാക്കിയാലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ 23.76 ശതമാനം തന്നെ ആയി തുടരും. രാജ്യത്തെ സ്ത്രീകൾ ബില്ലിനെ ശക്തമായി പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട ചന്ദ്രബാബു നായിഡു, ചരിത്രത്തിൽ തെറ്റായ ഭാഗത്ത് ആയിപ്പോകരുത് എന്നും പറഞ്ഞു.

Related Stories