Friday, 27 November 2026
Online Edition

സഡന്‍ ഡെത്തില്‍ മലപ്പുറത്തെ വീഴ്‌ത്തി; കണ്ണൂരിന്റെ സെമി ടിക്കറ്റ്‌ തൃശൂരിന്റെ കൈയ്യില്‍

വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാൽ കണ്ണൂർ സെമി യോഗ്യത നേടും. നിലവിൽ കാലിക്കറ്റ്‌ എഫ്സി (23 പോയന്റ്), മലപ്പുറം എഫ്സി (18), ഫോഴ്‌സ കൊച്ചി എഫ്സി (13) ടീമുകൾ സെമിയിൽ ഇടമുറപ്പിച്ചു.

N
Nikhil •
സഡന്‍ ഡെത്തില്‍ മലപ്പുറത്തെ വീഴ്‌ത്തി; കണ്ണൂരിന്റെ സെമി ടിക്കറ്റ്‌ തൃശൂരിന്റെ കൈയ്യില്‍
Select Article Language:
Showing original Malayalam version.

കണ്ണൂർ: സഡൻഡെത്തിൽ മലപ്പുറം എഫ്സിയെ 7-6 ന് തോൽപിച്ച കണ്ണൂർ വാരിയേഴ്‌സ് എഫ്സി സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാൽ കണ്ണൂർ സെമി യോഗ്യത നേടും. നിലവിൽ കാലിക്കറ്റ്‌ എഫ്സി (23 പോയന്റ്), മലപ്പുറം എഫ്സി (18), ഫോഴ്‌സ കൊച്ചി എഫ്സി (13) ടീമുകൾ സെമിയിൽ ഇടമുറപ്പിച്ചു.

ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിശ്ചിത സമയത്ത് (4-4), ഷൂട്ടൗട്ടിൽ (4-4) സമനില പാലിച്ചതോടെ സഡൻഡെത്തിലാണ് കണ്ണൂർ - മലപ്പുറം മത്സരത്തിലെ വിജയികളെ തീരുമാനിച്ചത്. അബ്ദുൽ ബാദിഷിന്റെ കിക്ക് പുറത്തേക്ക് പോയത് കണ്ണൂരിന് നിർണായക വിജയം നൽകി. 10 കളികളിൽ മലപ്പുറത്തിന് 18 പോയന്റും കണ്ണൂരിന് 12 പോയന്റുമാണുള്ളത്. നിശ്ചിത സമയത്ത് കണ്ണൂരിനായി ബോഗ്ദൻ സ്റ്റെമൻകോവിച്ച് രണ്ടും എസർ കോസിച്ച് ഒരു ഗോളും നേടിയപ്പോൾ മുഹമ്മദ്‌ റിസ്വാന്റെ സെൽഫ് ഗോളും ആതിഥേയരെ തുണച്ചു.

എൽഫോർസി, ജോൺ കെന്നഡി, മുഹമ്മദ്‌ മെഹ്ദി, നെദീം ഹാദ്സിച്ച് എന്നിവരാണ് മലപ്പുറത്തിന്റെ സ്കോറർമാർ. കനത്ത മഴയിൽ ആരംഭിച്ച മത്സരത്തിൽ ആദ്യ മുന്നേറ്റം മലപ്പുറത്തിന്റെ ഭാഗത്തുനിന്നായിരുന്നു. വലതുവിങിൽ നിന്ന് ലഭിച്ച പന്ത് ബ്രസീലിയൻ താരം ജോൺ കെന്നഡി ബോക്സിനുള്ളിൽനിന്ന് തൊടുത്തുവിട്ടെങ്കിലും കണ്ണൂർ ഗോൾകീപ്പർ പ്രതീക് കുമാർ സിംഗ് കോർണർ വഴങ്ങി അപകടം ഒഴിവാക്കി.

മലപ്പുറം നായകൻ ഹക്കുവിന്റെ നിർണായക ഗോൾലൈൻ സേവിന് പിന്നാലെ 15-ാം മിനിറ്റിൽ കണ്ണൂർ ലീഡ് നേടി. അസിയർ ഗോമസിന്റെ കോർണർ കിക്ക് ബോഗ്ദൻ സ്റ്റെമൻകോവിച്ച് മനോഹരമായ ഹെഡറിലൂടെ വലയിലെത്തിച്ചു (1-0). ഗോൾ വഴങ്ങിയതോടെ മലപ്പുറം ആക്രമണം ശക്തമാക്കി. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 30-ാം മിനിറ്റിൽ സമനില ഗോൾ പിറന്നു. എൽഫോർസിയുടെ ഫ്രീകിക്ക് പഞ്ച് ചെയ്യാനുള്ള കണ്ണൂർ ഗോൾകീപ്പറുടെ ശ്രമം പാളിയതോടെ പന്ത് വലയിലെത്തി (1–1).

43-ാം മിനിറ്റിൽ സ്റ്റെമൻകോവിച്ചിന്റെ ക്ലോസ് റേഞ്ച് ഷോട്ട് മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് അർബാസ് തട്ടിയകറ്റി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലപ്പുറം ലീഡ് നേടി. എൽഫോർസിയുടെ പാസ് ജോൺ കെന്നഡി ഗോളാക്കി (2-1). രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കണ്ണൂർ സമനില പിടിച്ചു. മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ബോഗ്ദൻ സ്റ്റെമൻകോവിച്ചാണ് ടീമിനെ ഒപ്പമെത്തിച്ചത് (2–2). 55-ാം മിനിറ്റിൽ മുഹമ്മദ്‌ റിസ്വാന്റെ സെൽഫ് ഗോൾ കണ്ണൂരിന് ലീഡ് നൽകി (3-2). അസിയർ ഗോമസിന്റെ ഷോട്ട് റിസ്വാന്റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റിനകം പകരക്കാരനായി വന്ന മുഹമ്മദ്‌ മഹ്ദി മലപ്പുറത്തിനായി സ്കോർ ചെയ്തതോടെ മത്സരം വീണ്ടും സമനിലയിലായി(3-3).

71-ാം മിനിറ്റിൽ മലപ്പുറത്തിന്റെ ഗോൾ. പൗളോ വിക്ടറിന്റെ ബാക്ക്ഹീൽ പാസ് സബ്സ്റ്റിട്യൂട്ട് നെദീം ഹാദ്സിച്ച് കൃത്യമായി ഫിനിഷ് ചെയ്തു (4-3). 84-ാം മിനിറ്റിൽ എസർ കോസിച്ച് കണ്ണൂരിന് വീണ്ടും സമനില നൽകി (4-4). പത്താം റൗണ്ടിലെ രണ്ടാം മത്സരത്തിൽ വ്യാഴാഴ്ച (നവംബർ 26) ഫോഴ്‌സ കൊച്ചി എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരുടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ (3-0) ന് കൊച്ചി വിജയിച്ചു.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

Related Stories