28 നവംബർ 2026, ശനി
ഓൺലൈൻ എഡിഷൻ

തോക്കുചൂണ്ടിയുള്ള പാലക്കാട്ടെ ജ്വല്ലറി മോഷണം ; പ്രതികള്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് പോലീസ് ; തമിഴ്‌നാട്ടിലും തെരച്ചില്‍

N
Nikhil •
WhatsApp Facebook X
തോക്കുചൂണ്ടിയുള്ള പാലക്കാട്ടെ ജ്വല്ലറി മോഷണം ; പ്രതികള്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് പോലീസ് ; തമിഴ്‌നാട്ടിലും തെരച്ചില്‍
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കുഴല്‍മന്ദം: പട്ടാപ്പകല്‍ ജൂവലറിയിലെത്തിയ മൂന്നംഗ സംഘം തോക്കുചൂണ്ടി അമ്പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് വിപുലമായ സംഘം. ആലത്തൂര്‍, ചിറ്റൂര്‍ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ 31 അംഗ സംഘം വിവിധ ചെറുസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തും. 43 പവനോളമാണ് നഷ്ടമായത്.

പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസ് കാരുതുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷ്ടാക്കള്‍ പൊള്ളാച്ചിവഴി പളനിയിലേക്ക് കടന്നിരിക്കാമെന്നാണ് കരുതുന്നത്. മോഷ്ടാക്കളെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വാഹനത്തിന്റെ റൂട്ട് തിരയുന്നുണ്ട്. വാഹനം തൃശൂര്‍ കറുകുറ്റി ഭാഗത്ത് നിന്നുമാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി.

ടി.എന്‍ 07 എ.ഇ. 0145 നമ്പറിലുള്ള ഐവറി കളര്‍ കാറിലാണ് സംഘം വന്നത്. കാറിന്റെ പിന്നിലെ ഗ്ലാസ് പൊട്ടിയിട്ടുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. പെരുങ്ങോട്ടുകുറിശിയില്‍നിന്നു നടുവത്തപ്പാറ ഭാഗത്തേക്കാണു സംഘം പോയത്. മോഷ്ടാക്കള്‍ താമസിച്ചതെന്ന് കരുതുന്ന സ്ഥലം കാര്‍ പെട്രോളടിച്ച പമ്പ് എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി.

പ്രതികള്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസ് കണ്ടെത്തി. തമിഴ്‌നാട് രജിസ്‌ട്രേഷനാണ് നല്‍കിയിരുന്നത്. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് പെരുങ്ങോട്ടുകുറിശി കുന്നത്തുപറമ്പ് ഇഷാന്‍ ഗോള്‍ഡില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടത്.

ആഭരണങ്ങള്‍ വാങ്ങാന്നെന്ന വ്യാജേനെയാണ് ഹിന്ദി സംസാരിക്കുന്ന മൂന്ന് പേര്‍ എത്തിയത്. ഈ സമയത്ത് ജീവനക്കാരികളായ സജിത, രമ്യ എന്നിവരാണ് ഉണ്ടായിരുന്നത്. സംഘം ആദ്യം ഉടമയുണ്ടോയെന്ന് ജീവനക്കാരികളോട് അന്വേഷിച്ചു. വീട്ടിലുണ്ടെന്ന് അറിയിച്ചപ്പോള്‍ വരാന്‍ ആവശ്യപ്പെട്ടു. സമീപത്തു താമസിക്കുന്ന ജൂവലറി ഉടമ സനാദും ഭാര്യ ശ്രീവിദ്യയും മകന്‍ ഇഷാനും താമസിക്കാതെ കടയിലെത്തി.

തുടര്‍ന്നുള്ള സംസാരത്തിനിടെ സംഘത്തിലെ ഒരാള്‍ തോക്കുചൂണ്ടുകയും മറ്റു രണ്ടുപേരും കൈയിലുണ്ടായിരുന്ന കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തത്. ശ്രീവിദ്യയും സനാദും ജീവനക്കാരും സംഘത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സംഘത്തിലെ രണ്ടു പേര്‍ ജൂവലറിയിലുള്ള പരമാവധി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സംഘം പെട്ടെന്നു സ്ഥലംവിടുകയും ചെയ്തു.

പ്രതിരോധശ്രമത്തിനിടെ സനാദ്, ജൂവലറിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് സംഘത്തിനുനേരേ ഒഴിച്ചു. ഒരാളുടെ കൈക്കു പരുക്കേറ്റതായായാണു സൂചന. കടയിലേക്കു വന്ന മൂന്നു പേരും ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. അരയില്‍ തോക്ക് ഒളിപ്പിച്ചിരുന്നയാള്‍ ജാക്കറ്റും ധരിച്ചിരുന്നു. സ്വര്‍ണവുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് ജ്വല്ലറിയുടെ സമീപവാസി കല്ലെറിഞ്ഞ് തകര്‍ക്കുകയും നാട്ടുകാര്‍ പിന്നാലെ ഓടുകയും ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ