25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പൊലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു

വെമ്പായം കന്യാകുളങ്ങരയിൽ പൊലീസുകാരനായ ജസ്നാദിന്റെ വീട്ടിൽ വൻ മോഷണം നടന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും അപഹരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

N
Nikhil •
WhatsApp Facebook X
വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പൊലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: വെഞ്ഞാറമ്മൂടിന് സമീപം പൊലീസുകാരന്‍റെ വീട്ടിൽ വൻ കവർച്ച. വെമ്പായം കന്യാകുളങ്ങരയിലെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്. ജസ്നാദ് സ്റ്റേഷനിലേക്കും, അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിലേക്കും പോയ സമയത്തായിരുന്നു മോഷണം. വൈകിട്ട് മൂന്നരയോടെ സ്കൂളിൽ നിന്നും ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച് പരിശോധിച്ചപ്പോൾ അലമാരയിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

അടുക്കളയിലെ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടാക്കൾ വാരിവിതറിയിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം വ്യക്തമായത്. ഉടൻ തന്നെ ഡയാന ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വട്ടപ്പാറ, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്.

ബന്ധപ്പെട്ട വാർത്തകൾ