Saturday, 28 November 2026
Online Edition

'മുംബൈ ഇന്ത്യൻസ് നായകസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ മടിയുണ്ടായിരുന്നു', തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആദ്യം മടിയുണ്ടായിരുന്നുവെന്ന് രോഹിത് ശർമ വെളിപ്പെടുത്തി. ആകാശ് അംബാനിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ടീമിനെ വീണ്ടും നയിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

N
Nikhil •
'മുംബൈ ഇന്ത്യൻസ് നായകസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ മടിയുണ്ടായിരുന്നു', തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
Select Article Language:
Showing original Malayalam version.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ തനിക്ക് ആദ്യം മടിയുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശർമ. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുൻപ് താൻ ആലോചിക്കാൻ സമയമെടുത്തെന്നും കഴിഞ്ഞ സീസണുകളിലെ ബുദ്ധിമുട്ടുകൾക്കിടയിൽ താൻ അതിന് മാനസികമായി തയ്യാറാണോ എന്ന് സംശയമുണ്ടായിരുന്നുവെന്നും 39-കാരനായ രോഹിത് വ്യക്തമാക്കി.

പേസർ അർഷ്ദീപ് സിംഗിനെ ടീമിലെടുത്ത് പകരം നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്ക് പോയതോടെയാണ് രോഹിത്തിനെ മുംബൈ ഇന്ത്യൻസ് വീണ്ടും ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ചർച്ച ചെയ്യാൻ ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനി സമീപിച്ചതാണ് വീണ്ടും ക്യാപ്റ്റൻസി ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോയില്‍ രോഹിത് വ്യക്തമാക്കി.

ഞാൻ ഭാര്യയോട് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. ആകാശ് വിളിച്ചു, ഞങ്ങൾ കണ്ടു, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ എന്താണ് ചെയ്യേണ്ടതെന്ന് ചർച്ച ചെയ്തു. നിരവധി ആശയങ്ങൾ പങ്കുവെച്ചു-രോഹിത് പറഞ്ഞു. വീണ്ടും ക്യാപ്റ്റനാകാൻ താൽപ്പര്യമുണ്ടോ എന്ന് ആകാശ് ചോദിച്ചപ്പോൾ ആദ്യം അൽപ്പം പിന്നോട്ട് മാറി ആലോചിക്കാനാണ് തോന്നിയതെന്ന് രോഹിത് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ ഞാനാദ്യം ചിന്തിച്ചത് ഇപ്പോൾ ഞാൻ ഇതിന് തയ്യാറല്ല എന്നായിരുന്നു. പക്ഷെ പിന്നീട് മാറി നിന്ന് ആലോചിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. കാരണം, ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലാണോ ഞാൻ എന്ന് എനിക്കറിയില്ലായിരുന്നു.

എന്നാൽ ആകാശുമായുള്ള സംഭാഷണത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചപ്പോൾ, ടീമിന് ഒരു ക്യാപ്റ്റനെക്കാള്‍ ഉപരി ദിശാബോധമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. പത്ത് വർഷം താൻ നയിച്ച ടീമിനെ കെട്ടിപ്പടുത്തത് താനാണെന്നും ആ വെല്ലുവിളി വീണ്ടും ഏറ്റെടുക്കാൻ സമയമായെന്ന് തിരിച്ചറിഞ്ഞതായും രോഹിത് വ്യക്തമാക്കി. 2020-ൽ രോഹിത്തിന് കീഴിലാണ് മുംബൈ ഇന്ത്യൻസ് അവസാനമായി ഐപിഎൽ കിരീടം നേടിയത്. അതിനുശേഷം 2021-ൽ അഞ്ചാം സ്ഥാനത്തും 2022-ൽ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു. 2023-ലെ ഐപിഎല്ലിന് ശേഷമാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത്. എന്നാൽ 2024-ൽ പത്താം സ്ഥാനത്തും, 2025-ൽ ക്വാളിഫയർ 2-ലും, 2026-ൽ ഒമ്പതാം സ്ഥാനത്തുമാണ് മുംബൈ ഫിനിഷ് ചെയ്തത്.

പ്ലേ ഓഫിൽ എത്താത്തതിനേക്കാൾ, കളിക്കളത്തിൽ കൃത്യമായി പ്രകടനം നടത്താനും ഉത്തരവാദിത്തം നിറവേറ്റാനും കഴിയാത്തതാണ് ഡ്രസ്സിംഗ് റൂമിലെ നിരാശയ്ക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. കളിക്കാർ എന്ന നിലയിൽ ഞങ്ങളുടെ കളിയിൽ ഞങ്ങൾക്ക് വലിയ നിരാശയുണ്ടായിരുന്നു. അത് ഒന്നോ രണ്ടോ താരങ്ങളുടെ കാര്യമല്ല, മുഴുവൻ ടീമിന്‍റെയും കാര്യമാണ്. പുതിയ സീസണിലേക്ക് കടക്കുമ്പോൾ കിരീടത്തെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെച്ച് കളിക്കാർ കളി ആസ്വദിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും രോഹിത് പറഞ്ഞു. കിരീടത്തെക്കുറിച്ച് ഒട്ടും സംസാരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. കിരീടം ഇനിയും ഏറെ അകലെയാണ്. ആദ്യം നമ്മൾ ആസ്വദിക്കണം. ക്രിക്കറ്റ് ഒരു കളിയാണ്. നമ്മൾ അത് ആസ്വദിക്കണം, സന്തോഷത്തോടെ കളിക്കണം," അദ്ദേഹം പറഞ്ഞു.

സമ്മർദ്ദം എപ്പോഴും ഉണ്ടാകുമെന്നും അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിൽ അർത്ഥമില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും 2013-ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടത്തിലേക്കും നയിച്ച രോഹിത്, പഴയ നേട്ടങ്ങളെ മധുരമുള്ളതാണെങ്കിലും അവയിൽ മാത്രം മുഴുകിയിരിക്കാതെ പുതിയ അധ്യായത്തിലേക്ക് കടക്കേണ്ടതുണ്ടെന്നും രോഹിത് വ്യക്തമാക്കി.

Related Stories