Saturday, 28 November 2026
Online Edition

മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻ

മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടരുന്നതിനിടെ എം കെ സ്റ്റാലിൻ നിർണായക ഉപാധികൾ മുന്നോട്ടുവെച്ചു. തമിഴ്നാടിന്റെ ലോക്സഭാ സീറ്റ് വിഹിതം കുറയരുതെന്നാണ് പ്രധാന ആവശ്യം

N
Nikhil •
മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ; ഡിഎംകെ പിന്തുണക്കും? 2 ഉപാധിയുമായി സ്റ്റാലിൻ
Select Article Language:
Showing original Malayalam version.

ദില്ലി: മണ്ഡല പുനർനിർണയ, വനിതാ പ്രാതിനിധ്യ ബില്ലുകൾ വീണ്ടും പാർലമെന്റിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതിനിടെ, നിർണ്ണായക ഉപാധികൾ മുന്നോട്ടുവെച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. തമിഴ്നാടിന്റെ ലോക്സഭാ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് കുറയരുതെന്നും, 1971 ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ 25 വർഷം കൂടി സീറ്റ് എണ്ണം തുടരണമെന്നുമാണ് സ്റ്റാലിന്റെ പ്രധാന ആവശ്യങ്ങൾ. ഈ രണ്ട് ഉപാധികളിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും തമിഴ്നാടിന്റെ താൽപ്പര്യം വിട്ട് രാഷ്ട്രീയമില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. സീറ്റ് എണ്ണം കൂട്ടുന്നതിൽ എതിർപ്പില്ലെന്ന പരോക്ഷ സൂചനയും പോസ്റ്റിലുണ്ട്. വിജയ്ക്കൊപ്പം സർക്കാർ രൂപീകരണത്തിന് കൈകൊടുത്ത കോൺഗ്രസിനെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. അധികാരത്തിനായി തത്വങ്ങൾ മറന്ന നന്ദികേട്ടവർ തിരിച്ചറിയണമെന്നും പിന്നിൽ നിന്ന് കുത്തിയവരുടെ വിലാപം ഞങ്ങളെ തളർത്തില്ലെന്നും സ്റ്റാലിൻ കുറിച്ചു.

കേന്ദ്രത്തിന്‍റെ രാഷ്ട്രീയ നീക്കങ്ങൾ
2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഉച്ചയോടെ ചേർന്നിരുന്നു. നേരത്തെ അവതരിപ്പിച്ച ബില്ലുകളിൽ നിന്ന് മാറ്റങ്ങൾ വരുത്തിയാകും സഭയിൽ കൊണ്ടുവരിക. ഏപ്രിലിൽ ബില്ലുകൾ പരാജയപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കേന്ദ്രം വീണ്ടും ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ തേടിയാണ് ബിജെപിയുടെ നീക്കം. ഡി എം കെയുടെ 22 അംഗങ്ങൾ, എൻ സി പി (ശരദ് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈ എസ് ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കാനായാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻ ഡി എയുടെ കണക്കുകൂട്ടൽ. പ്രതിപക്ഷ നിരയിലെ ചില എം പിമാർ വിട്ടുനിൽക്കുക കൂടി ചെയ്താൽ ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ട് എണ്ണം കുറയുമെന്നും സർക്കാർ കരുതുന്നു. തമിഴ്നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ ഡി എം കെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡി എം കെ നേതാവ് ഇളങ്കോവൻ വ്യക്തമാക്കി.

അതേസമയം മണ്ഡല പുനർനിർണയം ബി ജെ പിയുടെ രാഷ്ട്രീയ മണ്ടത്തരമാകുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. വോട്ടുകൾ ചോരാതിരിക്കാൻ പ്രതിപക്ഷം വിപ്പ് നൽകുകയും കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി യോഗം ചേരുകയും ചെയ്യുന്നുണ്ട്. എൻ സി പി (ശരദ് പവാർ) വിഭാഗം ഇന്ത്യാ സഖ്യത്തിനൊപ്പം തന്നെ നിലയുറപ്പിച്ചാൽ കേന്ദ്രത്തിന്റെ നീക്കം വീണ്ടും പൊളിയുമെന്ന വിലയിരുത്തലുമുണ്ട്.

പാർലമെന്റ് സമ്മേളനത്തിൽ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അഭ്യർത്ഥിച്ചു. സുപ്രധാന ബില്ലുകളും ഏകദേശം 30 ഓളം സഭാ നടപടികളും പരിഗണിക്കേണ്ടതുണ്ടെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാതെ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം വിളിക്കുന്നത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്നും റിജിജു ചോദിച്ചു.

Related Stories