Sunday, 29 November 2026
Online Edition

തൃശൂര്‍ മാജിക്‌ എഫ്‌ സിയെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കി തിരുവനന്തപുരം കൊമ്പന്‍സ്‌ സെമിയില്‍

ഒടുവില്‍ കൊമ്പുകുലുക്കി തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സി സൂപ്പര്‍ ലീഗ്‌ കേരള സെമി ഫൈനലില്‍. ലീഗ്‌ റൗണ്ടിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക്‌ എഫ്‌ സിയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച കൊമ്പന്‍സ്‌ അവസാന സ്ഥാനക്കാരായാണ്‌ സെമി ടിക്കറ്റെടുത്തത്‌.

N
Nikhil •
തൃശൂര്‍ മാജിക്‌ എഫ്‌ സിയെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കി തിരുവനന്തപുരം കൊമ്പന്‍സ്‌ സെമിയില്‍
Select Article Language:
Showing original Malayalam version.

തൃശൂര്‍: ഒടുവില്‍ കൊമ്പുകുലുക്കി തിരുവനന്തപുരം കൊമ്പന്‍സ്‌ എഫ്‌ സി സൂപ്പര്‍ ലീഗ്‌ കേരള സെമി ഫൈനലില്‍. ലീഗ്‌ റൗണ്ടിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക്‌ എഫ്‌ സിയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച കൊമ്പന്‍സ്‌ അവസാന സ്ഥാനക്കാരായാണ്‌ സെമി ടിക്കറ്റെടുത്തത്‌. കാലിക്കറ്റ്‌ എഫ്‌ സിയാണ്‌ സെമിയില്‍ എതിരാളി. മറ്റൊരു സെമിയില്‍ മലപ്പുറം എഫ്‌ സി- ഫോഴ്‌സ കൊച്ചി പോരാട്ടം.കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊമ്പൻസിനായി ശ്രീരാജ്, പാട്രിക് മോട്ട, ഷെയിൻ സാജൻ എന്നിവർ ഗോൾ നേടി.

എല്ലാ ടീമുകളും 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ കാലിക്കറ്റ്‌ എഫ്സി (23 പോയന്റ്), മലപ്പുറം എഫ്സി (18), ഫോഴ്‌സ കൊച്ചി എഫ്സി (16), തിരുവനന്തപുരം കൊമ്പൻസ് എഫ്സി (14), കണ്ണൂർ വാരിയേഴ്‌സ് എഫ്സി (12), തൃശൂർ മാജിക് എഫ്സി (7) എന്നിങ്ങനെയാണ് പോയന്റ് നില. നിലവിലെ ജേതാക്കളായ കണ്ണൂരും രണ്ടാംസ്ഥാനക്കാരായ തൃശൂരും സെമി ഫൈനൽ യോഗ്യത നേടാതെ പുറത്തായി.

രണ്ടാം മിനിറ്റിൽ തന്നെ പാട്രിക് മോട്ടയുടെ ലോങ്റേഞ്ചർ തൃശൂർ പോസ്റ്റിൽ അപകട സൈറൺ മുഴക്കുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നാലെ നാലാം മിനിറ്റിൽ സെന്റർ സർക്കിളിന് സമീപത്തുനിന്ന് ആദിലിന്റെ അപ്രതീക്ഷിത ഷോട്ട് തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ തട്ടിയകറ്റിയതോടെ മത്സരം ആക്രമണാത്മകമായി. പത്താം മിനിറ്റിൽ കൊമ്പൻസ് ഗോളടിച്ചു. സ്വന്തം ഹാഫിൽ നിന്ന് ഷിനു നീട്ടിയടിച്ച പന്ത് ഓടിപ്പിടിച്ച ശ്രീരാജ് ഗോളാക്കിമാറ്റി (1-0). അഞ്ച് മിനിറ്റിനകം ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ പാട്രിക് മോട്ടയും സ്കോർ ചെയ്തതോടെ മത്സരം കാൽമണിക്കൂറിൽ എത്തുമ്പോൾ കൊമ്പൻസ് രണ്ട് ഗോളിന് മുന്നിൽ (2-0).

രണ്ട് ഗോളുകൾ വഴങ്ങിയ ശേഷം തിരിച്ചടിക്കാനായി തൃശൂർ നടത്തിയ ശ്രമങ്ങൾ വിജയം കാണാതെ പോയതോടെ ആദ്യപകുതി കൊമ്പൻസിന്റെ രണ്ട് ഗോൾ ലീഡിൽ അവസാനിച്ചു. രണ്ടാംപകുതിയിൽ ഷാനു സ്റ്റെല്ലസ്, ജാവോ പരഡേസ് എന്നിവരെ കൊമ്പൻസും പബിത്ര മണ്ഡി, മുഹമ്മദ്‌ ബാസിത്ത്‌ എന്നിവരെ തൃശൂരും പകരക്കാരായി കൊണ്ടുവന്നു.55-ാം മിനിറ്റിൽ 55-ാം നമ്പർ ജഴ്സിയണിഞ്ഞ ഷെയിൻ സാജൻ കൊമ്പൻസിന്റെ മൂന്നാം ഗോളടിച്ചു. വലതുവിങിൽ നിന്ന് അർജുൻ എടുത്ത ഫ്രീകിക്കിന് തലവെച്ചായിരുന്നു ഷെയിനിന്റ ഗോൾ.

രണ്ട് പാദങ്ങളായാണ് സെമി ഫൈനൽ. ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി സെമിയുടെ ഒന്നാംപാദം ഡിസംബർ ഒന്നിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം കൊമ്പൻസ് എഫ്സി - കാലിക്കറ്റ്‌ എഫ്സി സെമിയുടെ ഒന്നാംപാദം ഡിസംബർ രണ്ടിന്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി. ശേഷിക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതികൾ സൂപ്പർ ലീഗ് കേരള രണ്ട് ദിവസത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Related Stories