Friday, 27 November 2026
Online Edition

തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു

ആലപ്പുഴ മുതുകുളത്ത് ഒന്നര വയസ്സുള്ള പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് കാണിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ല.

N
Nikhil •
തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു
Select Article Language:
Showing original Malayalam version.

ആലപ്പുഴ: മുതുകുളത്ത് പശുക്കിടാവിനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. മുതുകുളം സ്വദേശി തങ്കമണി അരവിന്ദിന്‍റെ വീട്ടിലെ ഒന്നര വയസ്സുള്ള സങ്കരയിനം കിടാവിനെയാണ് നായകൾ കൊന്നത്. ചൊവ്വാഴ്ച രാത്രി ഒന്നോടെ നായക്കൂട്ടത്തിന്റെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ വീടിന്‍റെ പറമ്പിൽ കൊന്നിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി.

കഴിഞ്ഞ മാസമാണ് കിടാവിനെ വാങ്ങിയത്. മുമ്പ് പലതവണ ഈ വീട്ടിലെ കോഴികളെ നായകൾ കൊന്നുതിന്നിരുന്നു. പ്രദേശത്തെ രൂക്ഷമായ നായശല്യത്തെപ്പറ്റി വീട്ടുകാർ നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. നായശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Stories