കൊച്ചി: 18 വയസ്സിൽ താഴെയാണെന്ന ബോധ്യത്തോടെയാണ് പല കുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെന്നും എന്നിട്ടും അവരെ പ്രായപൂർത്തിയായവരായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. പ്രായപൂർത്തി നിർണയിക്കാൻ 18 വയസ്സ് എന്ന പരിധി നിശ്ചയിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. മദ്യപിച്ച് 19കാരൻ ഓടിച്ച ആഡംബരക്കാറിടിച്ച് നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു കോടതിയുടെ പരിഗണനയിൽ.
സൂര്യൻ ഉദിക്കുന്ന ദിശയെ ഉദാഹരണമാക്കി കോടതി നിലപാട് വിശദീകരിച്ചു. സൂര്യൻ ഉദിക്കുന്നിടമാണ് കിഴക്ക്. അതുപോലെ പ്രായപൂർത്തിയാകുന്നത് 18 വയസ്സിലാണെന്ന മുൻകൂട്ടിയുള്ള ധാരണയല്ല, പ്രായപൂർത്തിയാകുന്ന പ്രായത്തിനാണ് പ്രാധാന്യം. പ്രായപൂര്‍ത്തിയാകുന്നത് 16 വയസ്സാണെങ്കിൽ പ്രായപൂർത്തിയുടെ പരിധിയും 16 ആകണമല്ലോ എന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, 19കാരന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി.