വളർത്തുനായ്ക്കൾക്ക് നിലവിലുള്ള ലൈസൻസ് ഫീസിന് പുറമേ സേവന ഫീസും ഏർപ്പെടുത്താൻ തിരുവനന്തപുരം കോർപറേഷൻ ഒരുങ്ങുന്നു. ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് പ്രത്യേക നായപരിപാലന ഫണ്ട് രൂപീകരിക്കാനാണ് തീരുമാനം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോമുകളുടെ നിർമ്മാണം, വളർത്തുനായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് വിനിയോഗിക്കും.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും വളർത്തുനായ്ക്കളുടെ പരിപാലനം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനുമായി കോർപറേഷൻ തയ്യാറാക്കിയ കരട് നിയമാവലിയിലാണ് ഈ നിർണ്ണായക ശുപാർശകളുള്ളത്. കരട് നിയമാവലിക്ക് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകിയ ശേഷം അനുമതിക്കായി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറും. തദ്ദേശ, നിയമ വകുപ്പുകളുടെ അംഗീകാരം ലഭിക്കുന്നതോടെയാകും പുതിയ നിയമാവലി പ്രാബല്യത്തിൽ വരിക.
പുതിയ നിയമാവലി പ്രകാരം തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ തോന്നുംപടി ഭക്ഷണം വിതരണം ചെയ്യാൻ കഴിയില്ല. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വ്യക്തികളും സംഘടനകളും 'നായ പരിപാലകർ' എന്ന പേരിൽ കോർപറേഷനിൽ റജിസ്റ്റർ ചെയ്യേണ്ടിവരും. ഓരോ വാർഡിലും അനുയോജ്യമായ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ച് അവിടെ മാത്രമേ ഭക്ഷണം നൽകാൻ സൗകര്യമൊരുക്കൂ.
വളർത്തുനായ്ക്കൾക്ക് മൈക്രോചിപ്പും സേവനഫീസും; തെരുവുനായ ശല്യം നിയന്ത്രിക്കാൻ തിരുവനന്തപുരം കോർപറേഷൻ
S
Samanyu k
•