Friday, 27 November 2026
Online Edition

ആദ്യദിനം ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്, ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തകർച്ച നേരിട്ട ന്യൂസിലൻഡ് ആദ്യദിനം മികച്ച നിലയിൽ. ആദ്യ ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുത്തു. ടോം ബ്ലണ്ടലും ഗ്ലെൻ ഫിലിപ്സും ക്രീസിലുണ്ട്.

N
Nikhil •
ആദ്യദിനം ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്, ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്
Select Article Language:
Showing original Malayalam version.

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറിയ ന്യൂസിലൻഡ് ആദ്യദിനം മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലൻഡ് മികച്ച തുടക്കത്തിനുശേഷം 110-4ലേക്ക് തകർന്നെങ്കിലും ആദ്യ ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന ഭേദപ്പെട്ട നിലയിലാണ്. 53 റൺസോടെ ടോം ബ്ലണ്ടലും 36 റൺസുമായി ഗ്ലെൻ ഫിലിപ്സും ക്രീസിൽ. 59 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാതമും കിവീസിനായി ബാറ്റിംഗിൽ തിളങ്ങി. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റെടുത്തപ്പോൾ അൻഷുൽ കാംബോജും ഗുർനൂർ ബ്രാറും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 19 ഓവർ എറിഞ്ഞെങ്കിലും ജസ്പ്രീത് ബുംറക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യക്ക് പച്ചപ്പുള്ള പിച്ചിൽ കിവീസിനെ ബാറ്റിംഗിന് അയക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആദ്യ ടെസ്റ്റിൽ കളിച്ച പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പുറത്തിരുത്തിയപ്പോൾ പകരക്കാരനായി ഗുർനൂർ ബ്രാറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അരങ്ങേറിയത്. ഇതോടെ മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഒരിക്കൽ കൂടി പുറത്തായി. പച്ചപ്പുള്ള പിച്ചിലും ഓപ്പണർമാരായ ഡെവോൺ കോൺവെയും ക്യാപ്റ്റൻ ടോം ലാതമും ചേർന്ന് കിവീസിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ സെഷനിൽ പിടിച്ചുനിന്ന ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത ഡെവോൺ കോൺവെയെ വിക്കറ്റിന് മുന്നിൽ കുടുക്കിയ അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാറാണ് ലഞ്ചിന് തൊട്ടുമുമ്പ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ രണ്ടാം സെഷനിൽ ലാതമും ഹെൻറി നിക്കോൾസും ചേർന്ന് കിവീസിനെ 100 കടത്തിയെങ്കിലും സ്കോർ 110ൽ നിൽക്കെ നിക്കോൾസിനെ (16) അൻഷുൽ കാംബോജും ടോം ലാതമിനെയും (59) രചിൻ രവീന്ദ്രയെയും (0) ആകാശ് ദീപും മടക്കിയതോടെ കിവീസ് 110-4ലേക്ക് വീണു. പിന്നീട് ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും ചേർന്ന് രക്ഷാപ്രവത്തനം ഏറ്റെടുത്തു. 31 റൺസെടുത്ത മിച്ചലിനെ വാഷിംഗ്ടൺ സുന്ദറിന്‍റെ പന്തിൽ ധ്രുവ് ജുറെൽ കൈയിലൊതുക്കിയതോടെ (184-5) ന്യൂസിലൻഡിനെ വീണ്ടും സമ്മർദ്ദത്തിലാക്കാമെന്ന് ഇന്ത്യ കരുതിയെങ്കിലും ഫിലിപ്സും ബ്ലണ്ടലും പിടിച്ചുനിന്നതോടെ കൂടുതൽ വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യ വിയർത്തു. അവസാന മണിക്കൂറിൽ രണ്ടാം ന്യൂബോളെടുത്തിട്ടും ഇന്ത്യക്ക് കൂടുതൽ വിക്കറ്റ് വീഴ്ത്താനായില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായതിനാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ രണ്ടാം ടെസ്റ്റിൽ ഇരുടീമുകൾക്കും മികച്ച പ്രകടനം അനിവാര്യമാണ്.

Related Stories