Friday, 27 November 2026
Online Edition

'ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ മൈതാനത്തെ പെരുമാറ്റം ലജ്ജാകരം': ഐസിസി ഇടപെടണമെന്ന് ഹര്‍ഭജന്‍ സിംഗ്

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ മൈതാനത്ത് നടത്തിയ മോശം പെരുമാറ്റത്തിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇത് അടുത്ത തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നും ഐസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

N
Nikhil •
'ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ മൈതാനത്തെ പെരുമാറ്റം ലജ്ജാകരം': ഐസിസി ഇടപെടണമെന്ന് ഹര്‍ഭജന്‍ സിംഗ്
Select Article Language:
Showing original Malayalam version.

മുംബൈ: ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ മൈതാനത്തെ പെരുമാറ്റം അടുത്ത തലമുറയ്ക്ക് മോശം മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും വിഷയത്തില്‍ ഐസിസിയും അതത് ക്രിക്കറ്റ് ബോര്‍ഡുകളും ഇടപെടണമെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഞായറാഴ്ച ദോഹയില്‍ നടന്ന ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എയോട് ഇന്ത്യ എ 48 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ഭജന്റെ പ്രതികരണം. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഹര്‍ഭജന്റെ വാക്കുകള്‍... ''ഐസിസിയും അതത് ബോര്‍ഡുകളും ഇതില്‍ ഇടപെടേണ്ടതുണ്ട്. വിജയത്തിന് ശേഷമുള്ള പാകിസ്ഥാന്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണങ്ങളും അവിടെ സംഭവിച്ച കാര്യങ്ങളും ശരിയല്ല. ഇത് ലജ്ജാകരവും അടുത്ത തലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കുന്നതുമാണ്.'' ഹര്‍ഭജന്‍ പറഞ്ഞു. മത്സരത്തിന്റെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് തന്നെ ഇരുടീമുകളും തമ്മിലുള്ള പിരിമുറുക്കം പ്രകടമായിരുന്നു. ടോസിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ തിലക് വര്‍മയും പാകിസ്ഥാന്‍ നായകന്‍ അബ്ദുള്‍ സമദും പരസ്പരം ഹസ്തദാനം ചെയ്തില്ല. ടോസ് ഫലം പ്രഖ്യാപിക്കുന്നതിലുണ്ടായ ആശയക്കുഴപ്പത്തിന് ശേഷമാണ് പാകിസ്ഥാന്‍ ടോസ് നേടിയതായി സ്ഥിരീകരിച്ചത്.

പാകിസ്ഥാന്‍ ബാറ്റിംഗിനിടെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണ ഓപ്പണര്‍മാരായ ഷാമില്‍ ഹുസൈന്‍, മാസ് സദാഖത്ത് എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെയാണ് രംഗം വഷളായത്. ആയുഷ് ബദോനിയുടെ പന്തില്‍ ഹുസൈനെ ക്യാച്ചെടുത്ത് പുറത്താക്കിയ ശേഷം റാണ താരത്തിന് നേരെ ആക്രോശിച്ച് യാത്രയയപ്പ് നല്‍കി. രോഹൈല്‍ നസീറിനെ പുറത്താക്കിയപ്പോഴും റാണ അമിതാവേശത്തോടെയാണ് ആഘോഷിച്ചത്. രണ്ടാം ഇന്നിംഗ്‌സിലും താരങ്ങള്‍ തമ്മിലുള്ള പോര് തുടര്‍ന്നു. റാണ പൂജ്യത്തിന് പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ പാകിസ്ഥാന്‍ സ്പിന്നര്‍ സുഫിയാന്‍ മുഖീം ഇന്ത്യന്‍ പേസര്‍ക്ക് നേരെ സംസാരിച്ചു. സഹതാരം ഇടപെട്ടാണ് മുഖീമിനെ പിടിച്ചുമാറ്റിയത്.

ഐസിസി നടപടി വേണമെന്ന് ഹര്‍ഭജന്‍
യുവ ആരാധകരിലും വളര്‍ന്നുവരുന്ന താരങ്ങളിലും അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വലിയ സ്വാധീനം കണക്കിലെടുത്ത് ഇരുടീമുകളിലെയും താരങ്ങളുടെ പെരുമാറ്റത്തില്‍ കൃത്യമായ ഇടപെടല്‍ അനിവാര്യമാണെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. കളിക്കളത്തിനകത്തും പുറത്തും വലിയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഇന്ത്യ-പാക് പോരാട്ടങ്ങളിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഹര്‍ഭജന്റെ ഈ പ്രസ്താവന.

Related Stories