28-11-2026, शनिवार
ऑनलाइन संस्करण

സുരക്ഷയ്ക്കായി 200 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ; തിരുപ്പറംകുണ്‍ട്രം ദീപത്തൂണില്‍ ഇന്ന് ദീപം തെളിയും

N
Nikhil •
WhatsApp Facebook X
സുരക്ഷയ്ക്കായി 200 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ; തിരുപ്പറംകുണ്‍ട്രം ദീപത്തൂണില്‍ ഇന്ന് ദീപം തെളിയും
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

മധുര: തിരുപ്പറംകുണ്‍ട്രം ദീപത്തൂണില്‍ ഇന്ന് ദീപം തെളിയിക്കാനിരിക്കെ പ്രദേശത്തിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കോടതി നിയോഗിച്ച റിസീവര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിച്ച വിളക്കില്‍ നിന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ ദീപം തെളിയിക്കാനാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ക്ഷേത്രത്തിനും സമീപത്തുള്ള സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കും സുരക്ഷയൊരുക്കുന്നതിനായി 200 അംഗ സിആര്‍പിഎഫ് സംഘത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

ഈ മാസം 24-ന് ദീപം തെളിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. ഉത്തരവ് ലംഘിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രം ബോര്‍ഡ് ട്രസ്റ്റിനെ ഇന്നലെ സുപ്രീം കോടതി താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയും റിസീവര്‍മാരെ നിയമിക്കുകയും ചെയ്തു. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കലക്ടര്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കോടതി ഉത്തരവുകള്‍ അട്ടിമറിക്കാനോ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനോ ആരെയും അനുവദിക്കില്ലെന്ന് ബെഞ്ച് കര്‍ശന താക്കീത് നല്‍കി. കുന്നിന്‍ മുകളിലെ ദര്‍ഗയ്ക്ക് 50 മീറ്റര്‍ അകലെയുള്ള ദീപത്തൂണില്‍ വിളക്കുകൊളുത്താന്‍ അനുമതി തേടി ഹിന്ദു സംഘടനകള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്.

അത്തരമൊരു ആചാരം നിലവിലില്ലെന്നും, ദീപത്തൂണ്‍ ബ്രിട്ടീഷ് ഭരണകാലത്തെ വെറുമൊരു സര്‍വേ കല്ല് മാത്രമാണെന്നുമുള്ള ക്ഷേത്രഭരണസമിതിയുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ദീപം തെളിക്കാന്‍ അനുമതി നല്‍കി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക ഇടപെടല്‍.

संबंधित समाचार