Saturday, 28 November 2026
Online Edition

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. തിരൂരിലുള്ള ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്.

N
Nikhil •
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
Select Article Language:
Showing original Malayalam version.

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം നല്‍കാമെന്ന വാഗ്ദാനത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വടക്കാങ്ങര തടത്തിന്‍കുണ്ട് സ്വദേശി അറക്കല്‍ മുഹമ്മദ് ഷിബിലി (30)യെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. തിരൂരിലുള്ള ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. കസ്റ്റംസ് കേസുകളില്‍ പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി സ്വര്‍ണം ലഭിക്കുന്നതിന് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പണം കൈക്കലാക്കിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. സമാനമായ രീതിയില്‍ പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പുകള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Stories