2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെയുള്ള ആക്രമണത്തിന്റെ ആസൂത്രണത്തിൽ പ്രധാന പങ്കുവഹിച്ച ഹമാസ് കമാൻഡർ സമീർ അബു യൂനിസ്, തെക്കൻ ഗാസയിൽ ശനിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ വിവരം ഞായറാഴ്ച ഇസ്രായേൽ സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സ്ഥിരീകരിച്ചു. ഹമാസിന്റെ സൈനിക വിഭാഗത്തിലെ മുതിർന്ന അംഗത്തെയാണ് ലക്ഷ്യമിട്ടതെന്ന് അവർ വ്യക്തമാക്കി. യൂനിസിന്റെ മരണം ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡും സ്ഥിരീകരിച്ചു.
53 കാരനായ യൂനിസ് ഹമാസിന്റെ റഫ ബ്രിഗേഡിന്റെ കമാൻഡറായിരുന്നു. ഖാൻ യൂനീസിന് പടിഞ്ഞാറ് ഭാഗത്തുള്ള അൽ-മാവസിയിൽ സമീർ അബു യൂനിസിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അഭയാർത്ഥികളായ പലസ്തീനികൾ കഴിയുന്ന അൽ-മാവസി നേരത്തെ സുരക്ഷിത മാനുഷിക മേഖലയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രായേൽ ഇതിനുമുൻപും അവിടെ ആക്രമണം നടത്തിയിട്ടുണ്ട്.
യൂനിസിന്റെ മൃതദേഹം ലഭിച്ചതായി ഗാസ സിവിൽ ഡിഫൻസ് വിഭാഗം സ്ഥിരീകരിച്ചു. ആക്രമണത്തിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. അഭയാർത്ഥികൾ കഴിഞ്ഞിരുന്ന ടെന്റിനു നേരെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആംബുലൻസുകളും രക്തക്കറ പുരണ്ട സ്ട്രെച്ചറുകളും ദൃശ്യമായ വീഡിയോ ദൃശ്യങ്ങൾ ഫലസ്തീൻ മാധ്യമപ്രവർത്തകർ പുറത്തുവിട്ടു.
ഒക്ടോബർ 7-ലെ ആക്രമണമാണ് ഗാസയിൽ രണ്ടു വർഷത്തോളം നീണ്ട യുദ്ധത്തിന് കാരണമായത്. 2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും അതിനുശേഷവും സംഘർഷങ്ങൾ തുടരുകയാണ്.
ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സമീർ അബു യൂനിസ്: ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനായ ഹമാസ് കമാൻഡർ
S
Samanyu k
•