Saturday, 28 November 2026
Online Edition

'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് അച്ഛന്‍റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാകുന്നു.

N
Nikhil •
'അവളെ എഴുതിത്തള്ളിയാൽ മതിയെന്ന് പറഞ്ഞവരോട് അച്ഛൻ പറഞ്ഞത്'; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
Select Article Language:
Showing original Malayalam version.

അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. വെള്ളിയാഴ്ചകളിൽ ഗൾഫിൽ നിന്നെത്തുന്ന വിളികളെക്കുറിച്ചുള്ള ഓർമ്മകളും അശ്വതി പങ്കുവെയ്ക്കുന്നുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞപ്പോൾ ആരും പ്രതീക്ഷിക്കാത്ത വൈകാരിക പക്വതയോടെയാണ് അച്ഛൻ അത് കൈകാര്യം ചെയ്തതെന്നും അശ്വതി കുറിച്ചു.

''മക്കൾക്കെല്ലാം അമ്മയോടാണ് സ്നേഹക്കൂടുതൽ എന്ന് അച്ഛൻ പരാതി പറയും. എന്നാൽ എനിക്ക് തോന്നാറ് അത് സ്നേഹക്കൂടുതൽ അല്ല, പരിചയക്കൂടുതൽ ആണെന്നാണ്. ഞങ്ങളുടെ കുട്ടിക്കാലം മുഴുവൻ അച്ഛൻ വിദേശത്തായിരുന്നത് കൊണ്ട്, പേരൻ്റിംഗിൻ്റെ ഏറിയ പങ്കും അമ്മയ്ക്കായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ എല്ലാ വേർഷനുകളും അറിയാം, അച്ഛനെ ഇനിയും അറിയാനുണ്ടെന്ന് തോന്നും. അമ്മയോട് എല്ലാ ദിവസവും സംസാരിക്കും, പക്ഷെ അച്ഛനെ വിളിക്കുന്നത് വല്ലപ്പോഴും ആണ്. വിളിച്ചാലും അവിടെയും സുഖം ഇവിടെയും സുഖം എന്ന മട്ടിൽ സംസാരം തീരും. കൂടുതലെന്ത് പറയണമെന്ന് എനിക്കോ അച്ഛനോ വലിയ ധാരണയില്ല പലപ്പോഴും. പണ്ട് വെള്ളിയാഴ്ചകളിൽ ഗൾഫിൽ നിന്നെത്തുന്ന ISD വിളികൾക്ക്, ചുരുക്കി പറഞ്ഞ മറുപടികളാണ് ഇന്നും വേറൊരു രൂപത്തിൽ ആവർത്തിക്കുന്നതെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

എൻ്റെ പങ്കാളിയെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. അതൊരു ഇൻ്റർകാസ്റ്റ് വിവാഹവുമാണ്. ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ കേരളത്തിലെ യാഥാസ്ഥിതിക കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന എല്ലാ എതിർപ്പുകളും രണ്ടു ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് - വർഷങ്ങളോളം. ഏറ്റവും ഒടുവിൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആൾ എൻ്റെ അച്ഛനാണ്. വിദേശത്തായിരുന്നത് കൊണ്ടും പൊതുവേ ദേഷ്യക്കാരൻ എന്ന പേരുള്ളതുകൊണ്ടും അച്ഛനെ അറിയിക്കാതെ ഈ ബന്ധം എങ്ങനെയും അവസാനിപ്പിക്കാൻ ആണ് എല്ലാവരും ശ്രമിച്ചിരുന്നത്. ഒടുവിൽ അച്ഛനോട് പറയേണ്ട സമയം ആയി. എനിക്ക് ഇതുതന്നെ മതിയെന്ന് അച്ഛനോട് ഉറപ്പിച്ച് പറഞ്ഞതാണ് എൻ്റെ ലൈഫിലെ ഏറ്റവും difficult conversation. എന്നാൽ ആരും പ്രതീക്ഷിക്കാത്ത വൈകാരിക പക്വതയോടെയാണ് അച്ഛൻ അത് കൈകാര്യം ചെയ്തത്. അച്ഛൻ തന്നെ മുൻകൈയെടുത്ത് രണ്ടു വീട്ടിലും ചർച്ചകൾ നടന്നു. പഠിത്തം കൂടിയിട്ടാണെന്നും, ഒറ്റയ്ക്ക് വിദേശത്ത് ജോലിക്ക് വിട്ടിട്ടാണെന്നും, തലയിൽ വച്ച് പുന്നാരിച്ചിട്ടാണെന്നും പറഞ്ഞ ബന്ധുക്കളോട് എൻ്റെ മകളുടെ സന്തോഷമാണ് എനിക്ക് വലുത് എന്ന് പറഞ്ഞു കൂടെ നിന്നു. അവളെ എഴുതി തള്ളിയാൽ മതി എന്ന് പറഞ്ഞവരോട് അത് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് കടുപ്പിച്ചു പറഞ്ഞു.

കല്യാണം കഴിഞ്ഞ സമയത്ത് അച്ഛൻ ശ്രീയോട് പറഞ്ഞത് 'എൻ്റെ മോളെ രാജാവിനെ പോലെ നോക്കിക്കോളണം' എന്നാണ്. പാലായിലെ രാജാവെന്നു വിളിച്ച് അവൻ എന്നെ കുറെകാലം കളിയാക്കിയെങ്കിലും അച്ഛൻ പറഞ്ഞത് കാര്യമായി തന്നെയാണ്. സ്വന്തമായെടുത്ത തീരുമാനത്തിൽ പ്രശ്നങ്ങളുണ്ടായാൽ ഞാൻ മറച്ചു വയ്ക്കുമോ എന്നോർത്ത് എന്തുണ്ടെങ്കിലും അച്ഛനോട് പറയണം എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട്.

ശ്രീയുടെ അച്ഛൻ ഒരിക്കൽ മാമ്പഴം പങ്കു വച്ചപ്പോൾ എൻ്റെ പങ്ക് കൂടി പത്മയ്ക്ക് എടുത്തു കൊടുത്തു. അവളന്നു കുഞ്ഞാണ്. ഞാനാണെങ്കിൽ പോസ്റ്റ്പാർട്ടം ഫേസിൽ നിന്ന് പുറത്ത് കടന്നിട്ടുമില്ല. അന്ന് രാത്രി മുഴുവൻ ഞാൻ എണ്ണിപ്പെറുക്കി കരഞ്ഞത് എൻ്റെ അച്ഛനാണെങ്കിൽ ആദ്യം എനിക്ക് തന്നേനെ എന്ന് പറഞ്ഞാണ്. അത് അങ്ങനെ തന്നെയാണു താനും. എൻ്റെ എല്ലാ vulnerability യും അറിയുന്നത് അമ്മയ്ക്കാണ്, എന്നാൽ അച്ഛൻ്റെ കണ്ണിൽ ഞാൻ എന്നും പെർഫെക്റ്റ് ആണ്'', അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Stories